ഉപ്പേരി പൊള്ളും
text_fieldsപയ്യന്നൂർ: ഓണസദ്യക്ക് പ്രധാനമാണ് വാഴക്ക ഉപ്പേരി. വാഴയിലയിൽ ആദ്യം വിളമ്പുന്ന വിഭവങ്ങളിൽ ഒന്ന്. എന്നാൽ, ഇക്കുറി ഏത്തക്കായ കൊണ്ടുണ്ടാക്കുന്ന വറുത്തുപ്പേരി കൈ പൊള്ളിക്കും. വിലക്കയറ്റമാണ് വില്ലൻ.
ഉപ്പേരിക്ക് പ്രധാനമായും വെളിച്ചെണ്ണയും ഏത്തക്കായയുമാണ് ആവശ്യം. രണ്ടിനും തീവിലയാണ്. ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങാൻ ഇക്കുറി രൂപ 400 വേണം. ഏത്തക്കായയുടെ വില കിലോക്ക് 60 രൂപയാണ്.
കഴിഞ്ഞ ഓണത്തിന് വെളിച്ചെണ്ണ വില 200ൽ താഴെയായിരുന്നു. ഇപ്പോഴത് രണ്ടിരട്ടിയായി. കഴിഞ്ഞവർഷം ഏത്തക്കായയുടെ വിലയും 40ൽ താഴെയായിരുന്നു. മിക്കവാറും എല്ലാ സാധനങ്ങൾക്കും തീവിലയാണ്. സർക്കാർ ഇടപെടൽ ഒരു പരിധിവരെ ആശ്വാസമായിട്ടുണ്ട്.
ഏത്തക്കായകൊണ്ട് രണ്ടുതരം ഉപ്പേരിയാണ് പതിവ്. ചെറുതായി അരിഞ്ഞ് മഞ്ഞൾപ്പൊടി കൂട്ടി വറുത്തെടുക്കുന്ന മധുരമില്ലാത്തതാണ് ഒന്ന്. കുറച്ച് വലുപ്പം കൂട്ടി ശർക്കര പാവിൽ കുഴച്ച് വറുത്തെടുക്കുന്ന ശർക്കര ഉപ്പേരിയാണ് രണ്ടാമത്തേത്. രണ്ടും വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്നതുതന്നെ. വിപണിയിൽ ഏത്തപ്പഴത്തിന്റെ വില 70 വരെയുണ്ട്. സോദരിപ്പഴം ഇതിനെയും കടത്തിവെട്ടി സെഞ്ച്വറിയിലെത്തി. വെളിച്ചെണ്ണക്കും പഴങ്ങൾക്കും പുറമെ സദ്യവട്ടമൊരുക്കാൻ അവശ്യം വേണ്ട തേങ്ങ വിലയും ഏറെ മുകളിലാണ്.