ആകെ ഒരു എ.ബി.സി മാത്രം; മൂന്നു വർഷത്തിനിടെ വന്ധ്യംകരിച്ചത് 11,000 തെരുവുനായ്ക്കളെ
text_fieldsകണ്ണൂർ: നാടാകെ തെരുവുനായ്ക്കൾ ഭീതി പരത്തുന്നത് തുടരുമ്പോഴും ജില്ലയിൽ നായ്ക്കളെ വന്ധ്യംകരണം നടത്താനുള്ളത് ഒരു എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ യൂനിറ്റ്) കേന്ദ്രം മാത്രം. പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിലാണ് എ.ബി.സി പ്രവർത്തിക്കുന്നത്. സ്ഥാപനം തുടങ്ങി മൂന്നുവർഷം പിന്നിടുമ്പോൾ, കഴിഞ്ഞ മേയ് 30 വരെ 11,000 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചതായി മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ. അനിൽ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഒരു മാസം രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ എന്ന ക്രമത്തിൽ ദിവസം ആറുവീതം തെരുവുനായ്ക്കളെ പിടികൂടി ഇവിടെ വന്ധ്യംകരിക്കുന്നുണ്ട്. ജില്ലയിൽ ആറ് എ.ബി.സികൾ സ്ഥാപിക്കാൻ ആലോചന നടന്നെങ്കിലും ഊരത്തൂരിൽ മാത്രമാണ് സ്ഥാപിച്ചത്. ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ തുടക്കത്തിൽ പ്രതീക്ഷിച്ച രീതിയിൽ വന്ധ്യംകരണം നടത്താനായില്ല.
തുടക്കത്തിൽ രണ്ട് ഡോക്ടർമാർ, രണ്ട് ഓപറേഷൻ തിയറ്റർ സഹായികൾ, എട്ട് പട്ടിപിടിത്തക്കാർ, രണ്ട് ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെ 14 പേർ കേന്ദ്രത്തിൽ ജോലിക്കുണ്ടായിരുന്നു. പിന്നീട് അത് ചുരുങ്ങി നിലവിൽ ഒമ്പതുപേർ മാത്രമായി. ഒരു ഡോക്ടറും ഒരു ഓപറേഷൻ തിയറ്റർ സഹായിയും അഞ്ച് പട്ടിപിടിത്തക്കാരും രണ്ട് ശുചീകരണ തൊഴിലാളികളും മാത്രമായതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റുന്ന അവസ്ഥയായി.
63 ലക്ഷം രൂപ ചെലവിൽ നിർമിച്ച എ.ബി.സി. കേന്ദ്രത്തിൽ 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ, രണ്ട് ഓപറേഷൻ തിയറ്ററുകൾ, പ്രീ ആൻഡ് പോസ്റ്റ് ഓപറേറ്റിവ് മുറികൾ, ജീവനക്കാർക്കുള്ള ഡോർമെറ്ററി, ഓഫിസ്, സ്റ്റോർ, മാലിന്യ നിർമാർജന സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
അതിരാവിലെയും വൈകീട്ടുമാണ് പട്ടികളെ പിടികൂടുന്നത്. ശസ്ത്രക്രിയക്ക് ശേഷം നായ്ക്കളെ നിരീക്ഷണത്തിൽ പാർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇവക്കുള്ള ആന്റിബയോട്ടിക് ചികിത്സയും ഭക്ഷണവും സെന്ററിലുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച നായ്ക്കളെ പിടിച്ചുകൊണ്ടുവന്ന സ്ഥലത്തുതന്നെ തിരിച്ചെത്തിക്കും.


