എ.ടി.എം സെക്യൂരിറ്റി ജീവനക്കാരന് മർദനം; മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ
text_fieldsശ്യാംജിത്ത്, യാദവ്, സൗരവ്
പാനൂർ: കാപ്പാക്കേസിലും കവർച്ചക്കേസിലും ഒളിവിൽ കഴിയവെ എ.ടി.എം സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചതിന് മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ തൃശൂരിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ചെണ്ടയാട് കുനുമ്മലിലെ കമലദളത്തിൽ ശ്യാംജിത്ത്, പാനൂർ വള്ളങ്ങാട് സ്വദേശി യാദവ്, കണ്ണവം സ്വദേശി സൗരവ് എന്നിവരെയാണ് നാട്ടുകാർ പിടികൂടി ചേലക്കര പൊലീസിനെ ഏൽപിച്ചത്.
ശ്യാംജിത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ചേലക്കരയിൽ എ.ടി.എം സെക്യൂരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടാവുകയും ജീവനക്കാരനെ ആക്രമിക്കുകയും ചെയ്യുന്നത് കണ്ട നാട്ടുകാർ ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. വയനാട് അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പയ്യന്നൂർ സ്വദേശിയുടെ കോടിക്കണക്കിന് രൂപ കവർന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളാണ് ശ്യാംജിത്തും സൗരവും. മാസങ്ങളായി ശ്യാംജിത്തിനെതിരെ കാപ്പാ വാറണ്ട് നിലവിലുണ്ട്. സൗരവിനെ അമ്പലവയൽ പൊലീസിനും ശ്യാംജിത്തിനെ പാനൂർ പൊലീസിനും കൈമാറി. യാദവിനെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതി ചേർത്ത് റിമാൻഡ് ചെയ്തു.
പാറാലിലെ സി.പി.എം നേതാവ് കണ്ണിപ്പൊയിൽ ബാബു, കണ്ണവത്തെ എസ്.ഡി.പി.ഐ നേതാവ് സലാഹുദ്ദീൻ കൊലക്കേസുകളിൽ പ്രതിയാണ് ശ്യാംജിത്ത്. 2025 ഫെബ്രുവരി നാലിന് രാത്രി 9.20നാണ് പയ്യന്നൂർ സ്വദേശികളായ സനീഷും രാഹുലും സഞ്ചരിച്ച ഡസ്റ്റർ കാർ വയനാട് നന്മേനിയിൽ വെച്ച് ശ്യാംജിത്തിന്റെ നേതൃത്വത്തിൽ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞ് പണം കവർന്നത്. 1.05 കോടി രൂപ നഷ്ടപ്പെട്ടതായാണ് പരാതി നൽകിയതെങ്കിലും 25 കോടി അക്രമികൾ പയ്യന്നൂർ സ്വദേശികളിൽനിന്ന് തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കവർച്ച കേസിന് പിന്നാലെ ശ്യാംജിത്ത് മുങ്ങുകയായിരുന്നു.