Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightകത്തുന്ന...

കത്തുന്ന വിലക്കയറ്റത്തിലും ആശ്വാസമേകി ജനകീയ ഹോട്ടൽ ഒമ്പതാം വർഷത്തിലേക്ക്

text_fields
bookmark_border
കത്തുന്ന വിലക്കയറ്റത്തിലും ആശ്വാസമേകി ജനകീയ ഹോട്ടൽ ഒമ്പതാം വർഷത്തിലേക്ക്
cancel
camera_alt

താ​ഴെ ച​മ്പാ​ട് ക​ഫേ ശ്രീ ​ജ​ന​കീ​യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ

പാനൂർ: വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതത്തെ കൂടുതൽ ദുഷ്‌കരമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം നൽകി ഒരു നാടിന്റെ വിശപ്പകറ്റുന്ന മാതൃകയായി മാറിയിരിക്കുകയാണ് താഴെ ചമ്പാട്ടെ കഫേശ്രീ ജനകീയ ഹോട്ടൽ. ജനങ്ങളുടെ പിന്തുണയും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും കരുത്താക്കി പ്രവർത്തിക്കുന്ന ഹോട്ടൽ വിജയകരമായി ഒമ്പത് വർഷം പിന്നിട്ടിരിക്കുകയാണ്.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് സമീപം 2018 ജൂൺ 26നാണ് കഫേശ്രീ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ഇ. കുഞ്ഞബ്ദുള്ളയാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. പിന്നീട് കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാന സർക്കാറിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി കഫേശ്രീ ജനകീയ ഹോട്ടലായി മാറി. അന്ന് 20 രൂപക്ക് ഉച്ചഭക്ഷണം നൽകിയതിനാൽ നിരവധി കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു ഈ സംരംഭം.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ശക്തമായ പിന്തുണയുണ്ട്. കെട്ടിട വാടകയും വൈദ്യുതി ബില്ലും പഞ്ചായത്ത് വഹിക്കുന്നതിനാൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ കഴിയുന്നു. പ്രവർത്തനങ്ങൾ വിലയിരുത്താൻ പഞ്ചായത്ത് തലത്തിൽ പ്രത്യേക മോണിറ്ററിങ് കമ്മിറ്റിയും നിലവിലുണ്ട്.

അഞ്ച് കുടുംബശ്രീ സംരംഭകരും ഏഴ് ജീവനക്കാരുമുൾപ്പെടെ 12 പേരാണ് ഹോട്ടലിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ. പ്രതിദിനം മുന്നൂറിലധികം ആളുകളാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നത്. പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിലെ വിദ്യാർഥികളും അധ്യാപകരും പാനൂർ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും സമീപപ്രദേശങ്ങളിലെ സാധാരണക്കാരും കഫേശ്രീയെ സ്ഥിരമായി ആശ്രയിക്കുന്നവരാണ്.

ഇന്ന് ഹോട്ടൽ മേഖലയെ ബാധിച്ച ഗ്യാസ്, പാചകഎണ്ണ, മറ്റ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തെ തുടർന്ന് പല ഹോട്ടലുകളും ഭക്ഷണവില ഗണ്യമായി ഉയർത്തിയെങ്കിലും കഫേശ്രീ ആ വഴിക്ക് പോയില്ല. ഇപ്പോഴും 30 രൂപക്ക് ഊണും 35 രൂപക്ക് പാർസലും നൽകുന്നു. ചോറിനൊപ്പം അയല, ചിക്കൻ, ഫിലോപ്പിയ, നത്തൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് വാങ്ങിയാൽ വെറും 70 രൂപ നൽകിയാൽ മതി. പുറത്തുള്ള ഹോട്ടലുകളിൽ ചോറിന് മാത്രം 60 മുതൽ 80 രൂപ വരെ നൽകേണ്ട സാഹചര്യത്തിലാണ് ഈ വിലയിൽ പൊരിച്ചത് അടക്കമുള്ള ഭക്ഷണം ലഭിക്കുന്നത്.

രാവിലെ പുട്ട്, കൽറൊട്ടി, വെള്ളയപ്പം, പൊറോട്ട, പൂരി എന്നിവ ഓരോന്നും 12 രൂപക്കാണ് ലഭിക്കുന്നത്. ചായയും കാപ്പിയും 12 രൂപ. ചെറുപയർ, കടല, മസാല, ഗ്രീൻപീസ് കറികൾ 25 രൂപക്കും ചിക്കൻ ഫ്രൈയും ചിക്കൻ കറിയും 30 രൂപക്കും ലഭിക്കുന്നു. ബീഫ് 70 രൂപ, മട്ടൻ ചാപ്സ് 100 രൂപ, തിരണ്ടിക്കറി 60 രൂപ, മീൻതലക്കറി 60 രൂപ, മട്ടൻ തലക്കറി 70 രൂപ എന്നിങ്ങനെ സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിലാണ് വിഭവങ്ങൾ ഒരുക്കുന്നത്.

കുറഞ്ഞ വിലയാണെങ്കിലും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും ഒരു വിട്ടുവീഴ്ചയും കഫേശ്രീ നടത്തുന്നില്ല. അതാണ് വർഷങ്ങളായി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഹോട്ടലിനെ സഹായിച്ചത്. ജില്ലയിലെ തന്നെ വിശാലമായ സൗകര്യങ്ങളുള്ള ജനകീയ ഹോട്ടലുകളിൽ ഒന്നായും കഫേശ്രീ മാറിക്കഴിഞ്ഞു. ഭക്ഷണം വിൽക്കുക മാത്രമല്ല, സമൂഹത്തോടുള്ള ഉത്തരവാദിത്തവും കഫേശ്രീ നിറവേറ്റുന്നുണ്ട്. വയനാട് ദുരിതാശ്വാസ നിധിയിലേക്കും പ്രദേശത്തെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ഹോട്ടലിന്റെ വരുമാനത്തിൽനിന്ന് സഹായധനം കൈമാറിയിട്ടുണ്ട്.

വിലക്കയറ്റം സാധാരണക്കാരന്റെ അടുക്കളയെ പൊള്ളിക്കുന്ന കാലത്ത്, കുറഞ്ഞ വിലയിൽ വയറുനിറയെ ഭക്ഷണം ഉറപ്പാക്കിക്കൊണ്ട് കഫേശ്രീ ജനകീയ ഹോട്ടൽ ഒരു ഹോട്ടൽ മാത്രമല്ല, ജനങ്ങളുടെ വിശപ്പിനും ജീവിതത്തിനും താങ്ങായി മാറിയ ജനകീയ മാതൃകയുമാണെന്ന് മുൻ ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ കെ.പി. ശശിധരൻ പറഞ്ഞു.

Show Full Article
TAGS:jankeeya hotels anniversary gas cylinder 
News Summary - Jankeeya Hotel Celebrates It's 9th Anniversary
Next Story