പീഡനശ്രമ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കുനേരെ ആക്രമണം
text_fieldsവടകരയിലെ പീഡനശ്രമ കേസിൽ പ്രതിയായ പാനൂരിലെ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു
പാനൂർ: വടകരയിൽ നടന്ന പീഡനശ്രമ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പാനൂരിലെത്തിയ പൊലീസുകാർക്കെതിരെ പ്രതിയുടെ ആക്രമണം. വടകര എസ്.ഐ അടക്കം രണ്ടു പേർക്ക് പരിക്കേറ്റു. പാനൂർ ടൗണിലെ ഓട്ടോ ഡ്രൈവറായ ബി.എം.എസ് പ്രവർത്തകൻ കുറിച്ചിക്കര സ്വദേശിയായ പറമ്പത്ത് സജീഷിനെയാണ് വടകര പൊലീസ് ബുധനാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയത്.
അക്രമത്തിനൊടുവിൽ യുവാവിനെ പൊലീസ് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. അക്രമത്തിൽ വടകര എസ്.ഐ രഞ്ജിത്ത്, ഗ്രേഡ് എസ്.ഐ ഗണേഷൻ എന്നിവർക്ക് പരിക്കേറ്റു. എസ്.ഐയെ കടിക്കുകയും തലക്കടിക്കുകയും ചെയ്തു.
വടകരയിൽ വില്യാപ്പള്ളിയിൽ സ്ത്രീയെയും കുട്ടിയെയും ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് കേസ്. ആശുപത്രിയിലേക്ക് പോകാന്‍ കയറിയ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. വടകര പാര്‍ക്കോ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ സജീഷ് കുമാര്‍ ഓട്ടോയുമായി മറ്റൊരു വഴിയിലൂടെ പോകുകയായിരുന്നു. യുവതി കാര്യമന്വേഷിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് മൂലം വഴിമാറി പോകുകയാണെന്നും, പെട്ടെന്ന് എത്താനാകുമെന്നും അറിയിച്ചു.
എന്നാല്‍, ഏറെ ദൂരം വഴിമാറി പോയതോടെ യുവതിക്ക് സംശയം തോന്നുകയും ബഹളം വെക്കുകയും ചെയ്തു. നാട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലാക്കിയ പ്രതി യുവതിയെയും കുഞ്ഞിനേയും ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു.
ഓട്ടോയുടെ നമ്പര്‍ അടക്കം ഉള്‍പ്പെടുത്തി യുവതി നല്കിയ പരാതിക്ക് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് പാനൂരിലെത്തിയത്.