തുരുത്തിമുക്ക് പാലത്തിന് പരിഷ്കരിച്ച ധനസഹായം; കിഫ്ബിയുടെ 17.95 കോടി അനുമതി
text_fieldsബോ സ്ട്രിങ് മാതൃക
പാനൂർ: തുരുത്തിമുക്ക് പാലം നിർമാണത്തിന് കിഫ്ബി 17.95 കോടിയുടെ അനുമതിയായി. ജില്ലയെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് മയ്യഴി പുഴക്ക് കുറുകെ കിടഞ്ഞിയിൽനിന്നാണ് തുരുത്തിമുക്ക് പാലം നിർമിക്കുക. അനിശ്ചിതത്വത്തിലായ പാലം നിർമാണത്തിന് ഇതോടെ പുതുജീവൻ കൈവന്നു. 2019ൽ തറക്കല്ലിട്ട പാലത്തിന്റെ പ്രാരംഭ പ്രവൃത്തി മാത്രം തുടങ്ങി പിന്നീട് നിർത്തിവെക്കുകയായിരുന്നു.
സ്ഥലമെടുപ്പ് നടപടികൾ വൈകിയതോടെ കരാറേറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി പിന്മാറിയതിനെ തുടർന്ന് മൂന്ന് തവണ ടെൻഡർ ചെയ്തെങ്കിലും 27 ശതമാനം തുക കൂടുതൽ രേഖപ്പെടുത്തിയതിനാൽ അടങ്കൽ പുനഃപരിശോധിക്കാൻ കിഫ്ബി വിദഗ്ധ സമിതി നിർദേശിക്കുകയായിരുന്നു.
കെ.പി. മോഹനൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് കിഫ്ബി ഇപ്പോൾ സാമ്പത്തികാനുമതി നൽകിയത്. കെ.ആർ.എഫ്.ബി സാങ്കേതികാനുമതി നേരത്തേ നൽകിയിരുന്നു. ഇനി പ്രവൃത്തിക്കായി ടെൻഡർ നടപടിയാവും.
ഭൂമി ഏറ്റെടുക്കൽ നടപടി വൈകിയതു കാരണം പ്രവൃത്തി വൈകിയതോടെ കരാറുകാർ ഉയർന്ന അടങ്കൽ ആവശ്യപ്പെട്ടിരുന്നു. കിഫ്ബിയിൽനിന്ന് അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരനെ ഒഴിവാക്കി പ്രവൃത്തി നിർത്തിവെച്ചു. പാലത്തിന്റെ നിർമാണം നിലവിൽ ഏഴ് ശതമാനം മാത്രമാണ് ഊരാളുങ്കൽ സൊസൈറ്റി പൂർത്തീകരിച്ചത്.
അനുബന്ധ റോഡുകളുടെ സ്ഥലം ഏറ്റെടുപ്പ് പൂർത്തീകരിച്ച് സ്ഥലം ലഭ്യമായതിനെത്തുടർന്ന് ബാക്കി അടങ്കലിന് 2023 മേയ് മാസത്തിൽ 14.8 കോടി രൂപയുടെ സാങ്കേതികാനുമതി നൽകി പ്രവൃത്തി ടെൻഡർ ചെയ്തു. ആദ്യത്തെ ടെൻഡറിൽ സിംഗിൾ ബിഡ് ആയതിനാലും, രണ്ടാമത്തെ ടെൻഡറിൽ അപ്രൂവൽ കമ്മിറ്റിയുടെ നിർദേശ പ്രകാരവും റീടെൻഡർ ചെയ്തു.
മൂന്നാമത്തെ ടെൻഡറിൽ ഊരാളുങ്കൽ സൊസൈറ്റി അറിയിച്ച തുക അടങ്കൽ തുകയേക്കാൾ 27 ശതമാനം അധികമായതിനാൽ അടങ്കൽ പുനഃപരിശോധിച്ച് വീണ്ടും ടെൻഡർ ചെയ്യുവാൻ സർക്കാർ നിർദേശം നൽകിയിരുന്നു. കെ.പി. മോഹനൻ എം.എൽ.എ, ഇ.കെ. വിജയൻ എം.എൽ.എ എന്നിവർ ഇടപെട്ട് മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തി കഴിഞ്ഞ വർഷം ഉന്നത ഉദ്യോസ്ഥരുടെ യോഗവും വിളിച്ചിരുന്നു.
ആകെ 204 മീറ്റർ നീളമുള്ള പാലത്തിൽ പുഴക്കു കുറുകെയുള്ള സ്പാൻ ബോ സ്ട്രിങ് ആർച്ച് മാതൃകയിൽ നിർമിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ പാലത്തോട് അനുബന്ധിച്ചു കിടഞ്ഞി സൈഡിൽ 175 മീറ്ററും എടച്ചേരി സൈഡിൽ 60 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കുന്നതാണ്.