തുരുമ്പെടുത്ത് കാംകോ യൂനിറ്റ്; കാവലായി ഒരുപാറാവുകാരൻ മാത്രം
text_fieldsഅടച്ചുപൂട്ടിയ വലിയ വെളിച്ചത്തെ കാംകോ കണ്ണൂർ യൂനിറ്റ്
പാനൂർ: വലിയ വെളിച്ചത്തെ കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് (കാംകോ) യൂനിറ്റ് അടച്ചുപൂട്ടിയിട്ട് നാലുവർഷം. കാർഷികോപകരണ നിർമാണ മേഖലയിൽ മികച്ചനിലയിൽ പ്രവർത്തിച്ച ഇവിടെയിനി ശേഷിക്കുന്നത് ഒരു പാറാവുകാരൻ മാത്രം. ചെറുവാഞ്ചേരിക്കടുത്ത വലിയവെളിച്ചത്ത് കെ.എസ്.ഐ.ഡി.സിയുടെ ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിലെ അഞ്ചേക്കർ ഭൂമിയിലാണ് കാംകോയുടെ യൂനിറ്റ്. ഉമ്മന്ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കെ.പി. മോഹനൻ കൃഷി മന്ത്രിയായിരിക്കെ 2016 ജനുവരിയിൽ ആരംഭിച്ച സ്ഥാപനം 2022 ജനുവരിയോടെയാണ് അടച്ചുപൂട്ടിയത്. നിർമാണം പൂർത്തിയായ 500 ഓളം ഗാർഡൻ ടില്ലർ മെഷീന് തുരുമ്പെടുക്കുകയാണ്.
ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള വിശാലമായ നിർമാണ പ്ലാന്റ്, അനുബന്ധ ഓഫിസ്, കാൻറീൻ, സ്റ്റോറേജ് സൗകര്യങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. തുടക്കത്തിൽ ഗാർഡൻ ടില്ലറുകൾ, ബ്രഷ് കട്ടറുകൾ, പമ്പ് സെറ്റുകൾ എന്നിവ ഇവിടെ നിർമിച്ചിരുന്നു. 2018ൽ ലോഹൈറ്റ് റിപ്പർ എന്ന പുതിയതരം കൊയ്ത്ത് യന്ത്രത്തിന്റെ നിർമാണം തുടങ്ങി. യൂനിറ്റ് വൻവിജയത്തിലേക്ക് കുതിക്കുന്ന സ്ഥിതിയിലായപ്പോൾ 2021ഡിസംബറോടെ കൊയ്ത്തു യന്ത്രത്തിന്റെ ഉൽപാദനം പൂർണമായി നിർത്തിവെക്കുകയും മാള യൂനിറ്റിലേക്ക് മാറ്റുകയും ചെയ്തു. ഇവിടുത്തെ സ്പെയർ പാർട്സുകൾ എല്ലാം തന്നെ മാള യൂനിറ്റിലേക്ക് കൊണ്ടുപോയി. എക്കോ ലേപ്പാഡ് ടില്ലറിന്റെ ഉൽപ്പാപാദനം നിർത്തിവെക്കുകയും ചെയ്തു. ജീവനക്കാരെ മറ്റു യൂനിറ്റുകളിലേക്ക് മാറ്റി. ഇതോടെ വലിയ വെളിച്ചം ഉൽപാദന പ്ലാൻറ് അടച്ചുപൂട്ടി.
പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുകയെന്ന ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരായിട്ടാണ് ഇവിടെ മാനേജ്മെൻറ് പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. എറണാകുളം ജില്ലയിലെ അത്താണി, തൃശൂർ ജില്ലയിലെ മാള, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എന്നിവിടങ്ങളിൽ കാംകോ യൂനിറ്റുകൾ ഉണ്ട്.


