റെസ് ലിങ് മാതൃകയിൽ അടിയോടടി; രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ
text_fieldsപാനൂർ: മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ റെസ് ലിങ് മാതൃകയിൽ പ്ലസ് ടു ക്ലാസ് മുറിയിൽ വിദ്യാർഥിക്ക് ക്രൂര മർദനം. റെസ് ലിങ് മാതൃകയിൽ മർദിക്കുകയും എടുത്തുയർത്തി നിലത്തെറിയുകയും ശരീരത്തിലേക്ക് ചാടി വീണ്ടും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി ക്രൂരമായി ആക്രമിക്കുന്നതും കൂടിയുള്ളവർ നോക്കി നിൽക്കുന്നതും വിഡിയോയിൽ കാണാം. ഒടുവിൽ ചില വിദ്യാർഥികൾ അനുനയിപ്പിക്കുന്നതോടെയാണ് ദൃശ്യം അവസാനിക്കുന്നത്. കൂട്ടത്തിലുള്ള വിദ്യാർഥി തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പറയുന്നു. കർശനമായ വിലക്കുള്ള ക്ലാസ് റൂമിൽ മൊബൈൽ ഫോൺ എങ്ങനെ എത്തി എന്ന് ചോദ്യവും ഉയരുന്നുണ്ട്. ശക്തമായ പ്രതിഷേധവും പ്രതികരണവുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ വിഡിയോകൾക്ക് താഴെ ഉയരുന്നത്.
സംഭവത്തിൽ രണ്ടു വിദ്യാർഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. മർദിച്ച വിദ്യാർഥിയെ ഈ അധ്യയന വർഷം സ്കൂളിൽനിന്ന് മാറ്റി നിർത്താനാണ് തീരുമാനം. എന്നാൽ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും. സ്കൂളിൽ ഫോൺ കൊണ്ടുവരികയും ഫോണിൽ ക്ലാസ് മുറിയിൽ നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത വിദ്യാർഥിക്കെതിരെയും നടപടി സ്വീകരിക്കും.
അതേസമയം കലോത്സവ ഭാഗമായി പ്രാക്ടീസിന് വേണ്ടിയാണ് മൊബൈൽ ഫോൺ ക്ലാസ് റൂമിൽ കൊണ്ടുവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


