ചരക്കുലോറി നിയന്ത്രണംവിട്ട് അപകടം
text_fieldsപാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന് സമീപം നിയന്ത്രണംവിട്ട് അപകടത്തിൽപെട്ട ലോറി
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന് സമീപം ചരക്കു ലോറി നിയന്ത്രണംവിട്ട് റോഡരികിലെ കടകളിലേക്ക് ഇടിച്ചു കയറി. റോഡിലും കടകളിലും ആളുകളില്ലായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
വ്യാഴാഴ്ച പുലർച്ച മൂന്നിനായിരുന്നു അപകടം. അപകടത്തിൽ റോഡരികിലെ രണ്ട് കടകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ലോറിയുടെ ഡ്രൈവർ എ. അസീസിന് (23) പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്.


