മേൽപാലം എക്സ്പൻഷൻ ജോയന്റ് തകർച്ച; കുലുക്കമില്ലാതെ അധികൃതർ
text_fieldsപാപ്പിനിശ്ശേരി റെയിൽവേ ലൈനിനിന് മുകളിൽനിന്നും മാറി കിഴക്ക് ഭാഗത്തെ സ്പാനുകൾ ബന്ധിപ്പിക്കുന്ന എക്സ്പൻഷൻ ജോയന്റ് പൊട്ടിത്തകർന്ന നിലയിൽ
പാപ്പിനിശ്ശേരി: കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി മേൽപാലത്തിൽ സ്പാനുകൾ ബന്ധിപ്പിക്കുന്ന എക്സ്പൻഷൻ ജോയന്റ് തകർന്നിട്ടും കുലുക്കമില്ലാതെ അധികൃതർ. വലിയ അപാകമുണ്ടായിട്ടും ദിനംപ്രതി നാട്ടുകാരുടെ പ്രതിഷേധം കനത്തിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇല്ലാത്തതിൽ പ്രതിഷേധം കനക്കുകയാണ്. റെയിൽവേ ലൈനിനിന് മുകളിൽനിന്നും മാറി കിഴക്ക് ഭാഗത്തെ സ്പാനുകൾ ബന്ധിപ്പിക്കുന്ന എക്സ്പൻഷൻ ജോയന്റാണ് പൊട്ടി തകർന്നത്.
ഈ ഭാഗത്തെ കമ്പികളും കോൺക്രീറ്റും തകർന്നിട്ടുണ്ട്. ഒപ്പം കോൺക്രീറ്റ് ഭാഗം പൂർണമായി തകർന്ന് താഴെയുള്ള തൂണിന് മുകളിലുള്ള ഭാഗത്ത് വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം എക്സ്പൻഷൻ ജോയന്റുകൾ തമ്മിൽ കൂട്ടായിണക്കുന്ന വലിയ ഇരുമ്പ് പട്ടയും മുറിഞ്ഞ നിലയിലാണ് കൂറ്റൻ ലോറികൾ അടക്കം കടന്നു പോകുമ്പോൾ മുറിഞ്ഞ ഇരുമ്പ്പട്ട മുകളിലേക്ക് തള്ളുന്നതും വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ്. കെ.എസ്.ടി.പി റോഡും മേൽപ്പാലങ്ങളും തുറന്ന് കൊടുത്ത് ആഴ്ചകൾക്ക് ശേഷം തുടങ്ങിയ അപാകങ്ങൾ ഏഴ് വർഷം കഴിയുമ്പോഴേക്കും വലിയ വലിയ അപകടങ്ങളിലേക്കാണ് എത്തിക്കുന്നത്.
കൂറ്റൻ വാഹന നിര
പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡ് വാഹന ബാഹുല്യത്താലും വീർപ്പ് മുട്ടുകയാണ്. ദേശീയപാത നിർമാണം പുരോഗമിക്കുന്നതിനാൽ വടക്ക് നിന്നും തെക്ക് നിന്നും ദേശീയ പാതകൾ വഴി വരുന്ന കൂറ്റൻ വാഹനങ്ങൾ അടക്കം കിലോ മീറ്ററുകളുടെ ദൂരവും സമയ ലാഭത്തിൽ കെ.എസ്.ടി.പി റോഡിനെയാണ് ആശ്രയിക്കുന്നത്. നിരവധി അപാകങ്ങൾ പേറുന്ന മേൽപ്പാലങ്ങൾക്ക് ഇത്തരം വാഹന ബാഹുല്യം താങ്ങാനാകാത്തതും തകർച്ചക്കും അപാകങ്ങൾക്ക് ആക്കം കൂട്ടാനും ഇടയാക്കുകയാണ്.
നാണക്കേടായി കുഴികളും തകർച്ചയും
വലിയ പ്രതീക്ഷയോടെ നിർമിച്ച് തുറന്നു കൊടുത്ത പാപ്പിനിശ്ശേരി-പിലാത്തറ റോഡിന്റെ നിലവിലെ അവസ്ഥ മൂക്കത്ത് വിരൽ വെച്ച് പോകുന്ന രീതിയിലാണ്. റോഡും ഇരുപാലങ്ങളും പതിവായി തകർന്ന് യാത്ര ദുസ്സഹമാക്കുന്നു. റോഡിന്റെ അറ്റകുറ്റ പണികൾക്ക് തീരുമാനമായെങ്കിലും പാലങ്ങളുടെ കാര്യത്തിൽ അധികൃതർക്ക് മിണ്ടാട്ടമില്ല. തകർച്ചക്കിടയിൽ കെ.എസ്.ടി.പി റോഡിൽ സ്ഥാപിച്ച 216 സോളാർ വിളക്കുകളും കണ്ണടച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാൻ പോലും അധികൃതർക്കാകുന്നില്ല.


