തകർന്ന് പാപ്പിനിശ്ശേരി മേൽപാലം; കുഴികൾ 30
text_fieldsപാപ്പിനിശ്ശേരി മേൽപാലത്തിലെ വലുതും ചെറുതുമായ കുഴികൾ
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലത്തിലെ തകർച്ചയും കുഴികൾക്കും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. തകർച്ച നേരിടുന്ന പാലത്തിൽ നിലവിൽ 30 ഓളം വലിയ കുഴികളും പാതിയടച്ച നിരവധി കുഴികളുമുണ്ട്. ദിനംപ്രതി നിരവധി ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് പലർക്കും അപകടങ്ങളുണ്ടാകുന്നുണ്ട്. പാലം പരിശോധിച്ച വിദഗ്ധ സംഘം അടിയന്തര പരിഹാരം കാണുമെന്ന് അറിയിച്ചെങ്കിലും യാതൊരു നടപടിയുമില്ല.
പാലത്തിന്റെ നിലനിൽപ്പുതന്നെ അപകടാവസ്ഥയിലെത്തിയിട്ടും അധികൃതർ നടത്തുന്ന അനങ്ങാപാറ നയത്തിൽ രാഷ്ട്രീയ സാമൂഹ്യ നേതാക്കളും വാഹനയാത്രക്കാരും കടുത്ത പ്രതിഷേധത്തിലാണ്. സെപ്റ്റംബർ 20നാണ് തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ദ സംഘം പാലം പരിശോധിച്ച് നടപടിയുണ്ടാകുമെ്ന് അറിയിച്ചത്. കഴിഞ്ഞമാസം ആദ്യംമുതൽ തന്നെ പാലത്തിന്റെ മധ്യഭാഗത്തെ എക്സ്പാൻഷൻ ജോയന്റ് തകർന്നതിനെ തുടർന്നുണ്ടായ തകർച്ചയും വിള്ളലും രൂക്ഷമായിരുന്നു. ഇതേ തുടർന്ന് പാലത്തിലെ കുഴി അടക്കാൻ പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. മൈക്രോ കോൺക്രീറ്റിന്റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പിയുമാണ് വിള്ളൽ അടക്കാൻ പ്രയോഗിച്ചത്.
എന്നാൽ ഇത്തരം സാങ്കേതിക വിദ്യകളോന്നും മേൽപാലത്തിലെ തകർച്ചക്ക് ഫലം കണ്ടില്ല. റെയിൽവേ ലൈനിനിന് മുകളിൽനിന്നും മാറി കിഴക്ക് ഭാഗത്തെ സ്പാനുകൾ ബന്ധിപ്പിക്കുന്ന എക്സ്പൻഷൻ ജോയന്റാണ് പൊട്ടി തകർന്നത്. ഈ ഭാഗത്തെ കമ്പികളും കോൺക്രീറ്റും തകർന്നിട്ടുണ്ട്. ഒപ്പം കോൺക്രീറ്റ് ഭാഗം പൂർണമായി തകർന്ന് താഴെയുള്ള തൂണിന് മുകളിലുള്ള ഭാഗത്ത് നിരവധി വലുതും ചെറുതുമായ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. കൂറ്റൻ ലോറികളടക്കം കടന്നു പോകുമ്പോൾ മുറിഞ്ഞ ഇരുമ്പുപട്ട മുകളിലേക്ക് തള്ളുന്നതും വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ്.
2013ൽ പാപ്പിനിശ്ശേരി പിലാത്തറ റോഡ് നവീകരണത്തിന് 120 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ റോഡും പാലവും 2018 ലാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി വാഹനങ്ങൾക്കായി തുറന്നു കൊടുത്തത്.മേൽപാലങ്ങളിൽ തുടർച്ചയായി തകരാറുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന വിഷയം എം.എൽ.എമാരായ കെ.വി. സുമേഷ്, എം. വിജിൻ എന്നിവർ കഴിഞ്ഞ മാസം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ എം. അഞ്ജനയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ചീഫ് എൻജിനീയർ ഐസക് വർഗീസ്, കെ.എ ച്ച്.ആർ.ഐ ഡെപ്യൂട്ടി ഡയറക്ടർ സോണി, എക്സിക്യുട്ടിവ് എൻജിനീയർ എസ്. ഷെമി, പി.ഡബ്ല്യു. ഡി എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജിഷ, എക്സിക്യൂട്ടിവ് എൻജിനീയർ എം. സജിത്ത്, എ.ഇ. സച്ചിൻ എന്നിവർ ചേർന്ന് പരിശോധന നടത്തി രണ്ടാഴ്ചക്കകം പരിഹാരം കാണുമെന്ന് നിർദ്ദേശിച്ചത്. ഇത് പാഴ്വാക്കായി തുടരുന്നു. ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നതാണ് പ്രദേശവാസികളുടെ ആശങ്ക.


