മുന്നറിയിപ്പില്ലാത്ത ഇന്റർലോക്ക് പാകൽ; കുരുക്കിലായി ജനം
text_fieldsകടവത്തുവയൽ റോഡ് കവലയിൽ ഇന്നലെ രാവിലെയുണ്ടായ ഗതാഗതക്കുരുക്ക്
പാപ്പിനിശ്ശേരി: പൊളിഞ്ഞ പാപ്പിനിശ്ശേരി കടവത്തുവയൽ-ചുങ്കം റോഡ് കവല മുന്നറിയിപ്പില്ലാതെ ഇന്റർലോക്ക് ചെയ്യുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ മുതൽ തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുരുക്കിലായി. ബുധനാഴ്ച രാത്രി മുതലാണ് ഇന്റർ ലോക്ക് പ്രവൃത്തി ആരംഭിച്ചത്. കടുത്ത വാഹനക്കുരുക്ക് രാത്രി വരെ തുടർന്നു.
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങളെ ചുങ്കത്തേക്ക് വഴിതിരിച്ചു വിടുന്ന കവലയാണ് പൂർണമായും തകർന്നു കുഴികൾ രൂപപ്പെട്ടത്. രാവിലെ മുതൽ തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഏത് വഴി പോകണമെന്ന നിർദേശം ഇല്ലാത്തതിനാലാണ് കടുത്ത വാഹനക്കുരുക്ക് ഉണ്ടായത്. ഇന്റർ ലോക്ക് പ്രവൃത്തി നടക്കുന്ന പ്രദേശത്തുകൂടി വാഹന ഗതാഗതം തടഞ്ഞതാണ് വാഹനങ്ങൾ തലക്കും വിലക്കും വഴിതിരിഞ്ഞു പോകാനിടയായത്. കടവത്ത് റോഡ് തകർന്ന് തരിപ്പണമായത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ പ്രവൃത്തി നടത്തിയത്.
പാപ്പിനിശ്ശേരി കോട്ടൻസ് റോഡിൽ പൊട്ടിപ്പൊളിഞ്ഞ റോഡ് മുഴുവൻ ഇൻറർലോക്ക് ചെയ്ത് തുറന്നുനൽകി. കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിലാണ് ഇന്റർ ലോക്ക് ചെയ്ത് സുഗമമാക്കിയത്. പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ രാം കിഷോർ, അസി. എൻജിനീയർ ശ്രീരാഗ്, വളപട്ടണം എസ്.ഐ ടി.എം. വിപിൻ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.