പാപ്പിനിശ്ശേരിയിൽ പ്ലാസ്റ്റിക്മുക്ത തെരഞ്ഞെടുപ്പ്
text_fieldsപാപ്പിനിശ്ശേരിയിലെ മാതൃകാ ഹരിത ബൂത്തായ ആറോൺ
യു.പി സ്ക്കൂളിന് പുറത്ത് അറിയിപ്പുകൾ സ്ഥാപിക്കുന്ന
ഹരിത സേനാംഗങ്ങൾ
പാപ്പിനിശ്ശേരി: തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യാൻ പാപ്പിനിശ്ശേരി പഞ്ചായത്തിലെ പോളിങ് സ്റ്റേഷനുകൾ ഹരിത സൗഹൃദ സൗകര്യങ്ങളോടെ സജ്ജമായി. തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ എല്ലാ ബൂത്തുകളും പ്ലാസ്റ്റിക് മുക്തമാക്കാൻ നടപടികൾ സ്വീകരിച്ചു. ഓരോ സ്റ്റേഷനിലെയും ശുചിത്വ പ്രവർത്തനങ്ങൾക്ക് ഹരിത കർമസേനാംഗങ്ങൾ സേവനത്തിനൊരുങ്ങിയിട്ടുണ്ട്.
പഞ്ചായത്തിലെ അഞ്ച് ബൂത്തുകൾ പ്രവർത്തിക്കുന്ന ആറോൺ യു.പി സ്കൂൾ, ഈ ശ്രമത്തിന്റെ മാതൃകാ ഹരിത ബൂത്ത് എന്ന നിലയിൽ പ്രത്യേക ശ്രദ്ധ നേടുന്നു. സ്കൂൾ പരിസരത്ത് പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാൻ സന്ദേശങ്ങൾ നൽകി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പോളിങ് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും കുടിവെള്ളം ഉൾപ്പെടെ ആവശ്യമായ സൗകര്യങ്ങൾ പരിസ്ഥിതി സൗഹൃദമായ നൽകാൻ ഹരിത കർമസേന പ്രവർത്തിക്കുന്നു. വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം മുഴുവൻ മാലിന്യങ്ങളും ശേഖരിച്ച് ശുചീകരണം നടത്തും.


