പാട്യം ചെങ്കോട്ടയിലെ മത്സരം
text_fieldsടി. ശബ്ന,നിമിഷ
മോഹൻദാസ്
പാട്യം: കോട്ടയം മലബാർ, പാട്യം പഞ്ചായത്തുകൾ മുഴുവനായും വേങ്ങാട് പഞ്ചായത്ത് 16ാം വാർഡ്, മങ്ങാട്ടിടം പഞ്ചായത്തിലെ വാർഡ് 16 ആമ്പിലാട്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് പാറയുള്ള പറമ്പ്, വേങ്ങാട് പഞ്ചായത്തിലെ പാതിരിയാട്, പടുവിലായി ബ്ലോക്ക് ഡിവിഷനുകൾ എന്നിവ ഉൾപ്പെടുന്നതാണ് പാട്യം ഡിവിഷൻ.
25,000ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്. ഇടതു കോട്ടായ ഭൂരിപക്ഷം വർധിപ്പിക്കാനാണ് വനിതാ നേതാവിനെ സി.പി.എം ഗോദയിലിറക്കിയത്.
സി.പി.എം ജില്ല കമ്മിറ്റിയംഗമായ കിണവക്കലിലെ ഹമീദിയ മഹല്ലിലെ ടി. ശബ്നയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. 2005-10 വരെ കോട്ടയം ഗ്രാമപഞ്ചായത്ത് മെംബറായിരുന്നു.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർപേഴ്സൻ, കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റും പിണറായി ഏരിയ പ്രസിഡന്റുമാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മൊകേരി വള്ളങ്ങാട്ടെ വിപിൻ സദനിലെ നിമിഷ മോഹൻദാസാണ് യു.ഡി.എഫ് സ്ഥാനാർഥി. രണ്ടാം അങ്കമാണ്. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി, മഹിള കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം സോഷ്യൽ മീഡിയ കോഓർഡിനേറ്റർ, ജവഹർ ബാൽ മഞ്ച് മൊകേരി മണ്ഡലം കോഓർഡിനേറ്റർ എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ ഇ.ഡി കോഓഡിനേറ്ററാണ്.
മൊകേരി വള്ള്യായിലെ അങ്കക്കളരിയിൽ എ. പ്രബിഷയാണ് ബി.ജെ.പി സ്ഥാനാർഥി. കന്നിയങ്കമാണ്. ബി.എം.എസ് കാർഷിക ക്ഷേമനിധി ജില്ല ജോയന്റ് സെക്രട്ടറിയാണ്.


