കവ്വായി കായലിൽനിന്ന് ശേഖരിച്ചത് 11 ചാക്ക് പ്ലാസ്റ്റിക് മാലിന്യം
text_fieldsചാൾസൺ സ്വിമ്മിങ് അക്കാദമി പുഴ ശുചീകരണത്തിന്റെ
ഭാഗമായി കവ്വായി കായലിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക്
സാധനങ്ങൾ വി. ബാലൻ ഏറ്റുവാങ്ങുന്നു
പയ്യന്നൂർ: ചാൾസൺ സ്വിമ്മിങ് അക്കാദമി സംഘടിപ്പിച്ചുവരുന്ന പുഴ ശുചീകരണ യജ്ഞം മൂന്നാംഘട്ടം കവ്വായി കായലിൽ നടന്നു. രാവിലെ ആറിന് രാമന്തളി തെക്കുമ്പാട് ബോട്ട് ജെട്ടിയിൽ രാമന്തളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ദിനേശൻ ഫ്ലാഗ് ഓഫ് ചെയ്തു. രാമന്തളി, വലിയപറമ്പ പഞ്ചായത്ത് കായൽ തീരങ്ങളിലൂടെ 10 കയാക്കുകളിലും രണ്ട് നാടൻ വള്ളങ്ങളിലുമായി നടത്തിയ ശുചീകരണം 11 ചാക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ പ്രമുഖ ടൂറിസം കേന്ദ്രമായ കവ്വായി ബോട്ട് ടെർമിനലിൽ അവസാനിച്ചു.
സമാപന പരിപാടി പയ്യന്നൂർ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ബാലൻ ഉദ്ഘാടനം ചെയ്ത്, ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകിയ ഡോ. ചാൾസൺ ഏഴിമലയിൽനിന്ന് ഏറ്റുവാങ്ങി. കഴിഞ്ഞ ആറിന് പെരുമ്പ പുഴ മുതൽ ചുട്ടാട് അഴിമുഖം വരെ നടത്തിയ ശുചീകരണത്തിനുശേഷം 12ന് നാലു കിലോ മീറ്റർ സുൽത്താൻ കനാലും പഴയങ്ങാടി പുഴയിലെയും ശുചീകരണത്തിനു ശേഷമാണ് കവ്വായി കായൽ ശുചീകരണം നടത്തിയത്. കേരളത്തിൽ ഏറെ വൃത്തിയായി പൊതു സമൂഹം സംരക്ഷിക്കുന്ന കവ്വായി കായൽ സംരക്ഷണത്തിലെ ചെറിയ കുറവുകൾ നികത്തി ഇന്ത്യയിലെ ഏറ്റവും മികച്ച ജലാശയമായി കായലിനെ മാറ്റുകയെന്നതും കായൽ ശുചിത്വവും സൗന്ദര്യവും ആസ്വദിക്കാൻ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പറ്റുകയെന്ന ദൗത്യവും പ്രദേശവാസികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കണമെന്ന് ഡോ. ചാൾസൺ ഏഴിമല പറഞ്ഞു. അക്കാദമി സെക്രട്ടറി ജാക്സൺ ഏഴിമല സ്വാഗതം പറഞ്ഞു. ജോൺസൺ പീറ്റർ അധ്യക്ഷതവഹിച്ചു. ദേശീയ കയാക്കിങ് താരം സ്വാലിഹ റഫീഖ്, റഫീഖ് ഏണ്ടിയിൽ, മാധ്യമ പ്രവർത്തകൻ റഫീഖ് കമാൽ എന്നിവർ സംസാരിച്ചു. 27ന് പുഴ ശുചീകരണ യജ്ഞത്തിന്റെ സമാപന പരിപാടി കവ്വായി പാലത്തിന് സമീപത്തുനിന്നാരംഭിച്ച് ചരിത്ര പ്രാധാന്യമുള്ള ഉളിയത്ത് കടവിൽ സമാപിക്കും. സമാപനം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത സന്നദ്ധ ഭടന്മാരെ ആദരിക്കും.