സദാനന്ദന്റെ നെൽ കൃഷിക്കുണ്ട് സംസ്കൃതിയുടെ കൈയൊപ്പ്
text_fieldsസദാനന്ദൻ ഇല്ലംനിറക്കു വേണ്ട നെൽകതിരുമായി വയലിൽ
പയ്യന്നൂർ: വരാനിരിക്കുന്ന ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമാണ് നിറ മഹോത്സവം. ആദ്യം വിരിയുന്ന കതിരാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതിനാവശ്യമായ കതിരുകൾ ഉൽപാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന ഒരു കർഷകനുണ്ടിവിടെ. ഏഴിലോട് പുറച്ചേരി കോട്ടക്കുന്നിലെ ടി.വി. സദാനന്ദനാണ് സംസ്കൃതിയുടെ കൃഷിയിറക്കുന്ന കർഷകൻ.
ഇല്ലംനിറക്കു വേണ്ട കതിരുകൾ വിരിയിച്ചെടുത്ത് ഇത്തവണയും കാത്തിരിക്കുകയാണ് ഇദ്ദേഹം. വർഷങ്ങളോളമായി ഈ സേവനം ഒരു നിയോഗമെന്നോണം ചെയ്തുവരികയാണ്. സൗജന്യമായാണ് നെൽകതിർ വിരിയിച്ച് ക്ഷേത്രങ്ങൾക്ക് കൊടുക്കുന്നത്. ഇത്തവണ 75 കിലോ നെൽവിത്താണ് നിറക്കുവേണ്ടി കൃഷി ചെയ്തത്. പെരളശ്ശേരി, കരിപ്പാൽ നാഗം, മാടായിക്കാവ്, അറത്തിൽ അമ്പലം, രാമന്തളി ശങ്കരനാരായണ ക്ഷേത്രം തുടങ്ങി ജില്ലയിലെ മിക്ക ക്ഷേത്രങ്ങളിലേക്കും സദാനന്ദന്റെ നെൽകതിരാണ് ഇല്ലംനിറക്കായി കൊണ്ടുപോകുന്നത്.
കൃഷിയിടത്ത് നല്ല വിളവിനും നാടിന്റെ സമൃദ്ധിക്കും വേണ്ടിയുള്ള പ്രാർഥന കൂടിയാണിതെന്നാണ് വിശ്വാസം. എന്നാൽ, നിറ, പുത്തരി തുടങ്ങിയ അനുഷ്ഠാനങ്ങൾ നെൽകൃഷിയെ നിലനിർത്തുന്നതിനു കൂടിയാണ് പഴയ തലമുറ അനുഷ്ഠിച്ചതെന്ന് പറയപ്പെടുന്നു. പരമ്പരാഗത കർഷക കുടുംബമാണ് സദാനന്ദന്റെത്. 2017 ലെ സംസ്ഥാന സർക്കാറിന്റെ കർഷക ശ്രമശക്തി അവാർഡും ബ്ലോക്ക് പഞ്ചായത്തിന്റെ മികച്ച നെൽകർഷകനുള്ള അവാർഡും ഇദ്ദേഹത്തേ തേടിയെത്തിയിട്ടുണ്ട്.