ഇന്ന് ചിത്തിര: ഒരുക്കാം തുമ്പപ്പൂകൊണ്ടൊരു പൂക്കളം
text_fieldsതുമ്പച്ചെടി
പയ്യന്നൂർ: 'നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണം. നാലഞ്ച് തുമ്പകൊണ്ട് മാനത്തൊരു കല്യാണം' എന്ന ഗാനം പ്രസിദ്ധമാണ്. തുമ്പപ്പൂവുകൊണ്ട് മാനത്ത് മാത്രമല്ല, ഭൂമിയിലും പൊന്നോണം തീർക്കുന്നവരായിരുന്നു പഴയ മലയാളികൾ. രണ്ടാം ദിനമായ ചിത്തിരയിൽ രണ്ടുതരം പൂക്കളാണ് കളത്തിൽ ഇടംപിടിക്കുക. തുമ്പപ്പൂവിനൊപ്പം തുളസികൂടി പൂക്കളത്തിലേക്കെത്തുന്നത് ഈ ദിവസമാണ്. ചിത്തിരക്ക് മാത്രമല്ല ചോതി നാളിലും തുമ്പയും തുളസിയും മാത്രമാണ് പണ്ട് പൂക്കളത്തിലുണ്ടാവുക. എന്നാൽ, ഇപ്പോൾ തുമ്പയുടെ സ്ഥാനവും അലങ്കരിക്കുന്നത് അധിനിവേശ പൂക്കൾതന്നെ.
കേരളത്തിൽ എല്ലായിടങ്ങളിലും കാണപ്പെടുന്ന ഏക വാർഷിക സസ്യമാണ് തുമ്പ. തൂവെള്ള നിറമുള്ള അരിമണി പൂക്കളണിഞ്ഞ് കൂട്ടംകൂട്ടമായി നിൽക്കുന്ന തുമ്പച്ചെടിതന്നെ മനോഹരമായ കാഴ്ചയാണ്. 'തുമ്പപ്പൂ ചോറ്' എന്ന ശൈലിയുൾപ്പെടെ നിരവധി സാഹിത്യങ്ങളിൽ തുമ്പ പ്രധാന കഥാപാത്രമായി വരുന്നതു കാണാം. അരിമണിപോലെ വെളുത്തതും ചെറുതുമായ പൂവാണ് തുമ്പപ്പൂപോലുള്ള ചോറ് എന്ന പ്രയോഗത്തിന് കാരണം. രണ്ടടിയിലേറെ പൊക്കംവരാത്ത തുമ്പയുടെ തണ്ട്, ഇല, പൂവ് ഇവ ഔഷധ ഗുണങ്ങളുള്ളതാണ്. ശാസ്ത്രനാമം ല്യൂക്കാസ് ആസ്പറ. കുടുംബം ലോബിയേറ്റേ.
വെള്ളൂർ സ്കൂളിൽ പൂക്കളം തീർക്കാൻ വിദ്യാർഥികളുടെ പൂവാടി
പയ്യന്നൂർ: ഓണത്തിന് പൂക്കളമൊരുക്കാൻ വിളവെടുപ്പിനൊരുങ്ങി വെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമിന്റെയും പരിസ്ഥിതി ക്ലബിന്റെയും നേതൃത്വത്തിൽ തയാറാക്കിയ ചെണ്ടുമല്ലി. ജൂൺ മാസത്തിൽ ചെടികൾ നട്ട് ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും കാലാവസ്ഥയിൽ വന്ന മാറ്റം ധാരാളം ചെടികൾ നശിക്കാനിടയായി.
വെള്ളൂർ സ്കൂളിൽ വിളവെടുപ്പിന് പാകമായ ചെണ്ടുമല്ലികൃഷി
എങ്കിലും അധ്യാപകരുടെയും കുട്ടികളുടെയും കൃത്യമായ പരിപാലനത്തിലൂടെ ഓണക്കാലമാകുമ്പോഴേക്കും ചെടികൾ പൂവിട്ട് വിളവെടുപ്പിനൊരുങ്ങി. ഉത്രാട തലേന്ന് പൂക്കൾ പറിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം അധികൃതർ. പ്രിൻസിപ്പൽ കെ. ജയചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എ. രാജലക്ഷ്മി, എ. നീമ എന്നിവരാണ് ചെണ്ടുമല്ലി കൃഷി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഓണം വിപണനമേള തുടങ്ങി
പയ്യന്നൂർ: നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുള്ള ഓണം പരമ്പരാഗത കാർഷിക, വ്യവസായ ചന്ത തുറന്നു. ഷേണായി സ്ക്വയറിൽ ആരംഭിച്ച മേളയുടെ ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത അധ്യക്ഷതവഹിച്ചു. വ്യവസായ വികസന ഓഫിസർ ടി. ലിജി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ സി. ജയ, വി. ബാലൻ, ടി.പി. സെമീറ, ടി. വിശ്വനാഥൻ, വി.വി. സജിത, കൗൺസിലർമാരായ കെ.കെ. ഫൽഗുനൻ, ഇക്ബാൽ പോപ്പുലർ, നസീമ, എം.പി. ചിത്ര, കോഓഡിനേറ്റർ എം. രാമകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
പയ്യന്നൂരിൽ നഗരസഭ ഓണം വിപണനമേള ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ചെറുകിട, ഗ്രാമ, കുടില് പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കൈത്തറി, ഖാദി, കുടുംബശ്രീ, ചെറുകിട-ഗ്രാമ, കുടില് പരമ്പരാഗത വ്യവസായ ഉല്പന്നങ്ങള്, എം.എസ്.എം.ഇ.പി.എം.ഇ.ജി.പി, പ്രകൃതി ജീവന ഉല്പന്നങ്ങള്, അടുക്കള ഉപകരണങ്ങൾ, നാടൻ പച്ചക്കറികൾ, അരി എന്നിവ മിതമായ നിരക്കില് മേളയിൽനിന്ന് ലഭ്യമാകും.