യു.പി സ്വദേശിയുടെ സംസ്കാരത്തിന് പരിയാരത്ത് ‘ദയ’
text_fieldsപഞ്ച്ദേവിന്റെ മൃതദേഹം ദയ ചാരിറ്റബ്ൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്കരിക്കുന്നു
പയ്യന്നൂർ: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ സൗകര്യമൊരുക്കി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ദയ ചാരിറ്റബ്ൾ സൊസൈറ്റി. ഉത്തർപ്രദേശിലെ ശിവ രാജ്ഭാറിന്റെ മകൻ പഞ്ച്ദേവ് രാജ്ഭാറിന്റെ (40) മൃതദേഹമാണ് ദയയുടെ ദയയിൽ കടന്നപ്പള്ളി തെക്കെക്കര പൊതുശ്മശാനത്തിൽ സംസ്കരിച്ചത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് പഞ്ച്ദേവ് മരിച്ചത്.
ചൊക്ലിയിൽ വെൽഡിങ് കമ്പനിയിൽ ജോലി ചെയ്യുന്ന പഞ്ച്ദേവ് സഹോദരന്മാരായ രാജേന്ദ്ര രാജ്ഭാർ, ജിതേന്ദ്ര രാജ്ഭാർ എന്നിവയുടെ കൂടെയാണ് താമസിച്ചിരുന്നത്. മൃതദേഹം യു.പിയിലേക്ക് കൊണ്ടുപോകാനുള്ള ചെലവ് കൂലിപ്പണിക്കാരായ ഇവർക്ക് താങ്ങാനാവുന്നതായിരുന്നില്ല. ഇതോടെയാണ് ഇവിടെത്തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്. ഹിന്ദു ആചാരപ്രകാരം സംസ്കാരം നടത്താൻ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ സൊസൈറ്റിയോട് അപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ സൗകര്യം ഒരുക്കിയത്. ചടങ്ങ് യഥാസമയം വിഡിയോയെടുത്ത് ബന്ധുക്കളെ കാണിച്ചു കൊടുക്കുകയും ചെയ്തു. 13ൽ താഴെ വയസ്സുള്ള നാല് പെൺകുട്ടികളാണ് പഞ്ച്ദേവിനുള്ളത്. സാമ്പത്തിക പ്രയാസമാണ് കുടുംബത്തെ ജോലി തേടി കേരളത്തിലെത്തിച്ചത്.


