ഈ കുടക്കല്ലുകൾക്കും വേണ്ടേ ഒരു ‘സംരക്ഷണക്കുട’
text_fieldsചെറുതാഴം ഏഴിലോട്ടെ ഹിസ്റ്റോറിക്കൽ പാർക്കിലെ കുടക്കല്ല് കാടുകയറിയ നിലയിൽ
പയ്യന്നൂർ: കേരളത്തിന് അത്ര പഴയ ചരിത്രമൊന്നുമില്ലെന്ന് വാദിക്കുന്ന ചരിത്രകാരന്മാരുടെ വായടപ്പിച്ച ചരിത്ര സാക്ഷ്യങ്ങളാണ് കുടക്കല്ലുകൾ. ശിലായുഗ കാലഘട്ടം വരെ ചരിത്രം നീളുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന അടയാളങ്ങൾ. എന്നാൽ, ഇവയിൽ പല കല്ലുകളും ഇപ്പോൾ നാശത്തിന്റെ പാതയിലാണ്. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ചില മുനിയറകളും കുടക്കല്ലുകളും മഹാശിലായുഗ കാലഘട്ടത്തിൽ നിർമിക്കപ്പെട്ടവയാണെന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ, കുഞ്ഞിമംഗലം, ചെറുതാഴം, കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ കണിയാൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ കുടക്കല്ലുകൾ നാശത്തിന്റെ പാതയിലാണ്.
2015ൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത ഏഴിലോട് അടുപ്പൂട്ടിപ്പാറ അഥവാ കുടക്കല്ല് ഉൾപ്പെടുന്ന ഹിസ്റ്റോക്കൽ പാർക്ക് കാടുമൂടി നശിക്കുകയാണ്. 2500 വർഷത്തോളം പഴക്കമുള്ള ചരിത്ര സ്മാരകമായ ചെറുതാഴം പഞ്ചായത്തിലെ അടപ്പൂട്ടിപ്പാറ കാരാട്ട് - ഏഴിലോട്-കുഞ്ഞിമംഗലം റോഡരികിലാണ് അടുപ്പൂട്ടിപ്പാറ സ്ഥിതി ചെയ്യുന്നത്. ലക്ഷങ്ങൾ ചെലവിട്ടാണ് അടുപ്പൂട്ടിപ്പാറ ചരിത്രോദ്യാനമാക്കി ജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ജില്ല കലക്ടർ ആയിരുന്ന ബാലകിരൺ ആയിരുന്നു ഉദ്ഘാടകൻ. ഈ ചരിത്രോദ്യാനമാണ് കാടുമൂടിയ അവസ്ഥയിലായത്.
റോഡ് നവീകരണത്തോടെ പ്രധാന കാവടത്തിലൂടെ പാർക്കിലേക്ക് കടക്കാൻ വഴിയില്ലാതായി. പാർക്കിൽ മുഴുവൻ പുല്ലുവളര്ന്ന അവസ്ഥയിലാണ്. അടുപ്പൂട്ടിപ്പാറ കേരളത്തിന്റെയും ഭാരതത്തിന്റെയും സാംസ്കാരിക മുഖ്യധാരയിലേക്ക് ചെറുതാഴത്തെ കണ്ണി ചേർക്കുന്ന മഹത്തായ സാംസ്കാരിക ബിംബമായിട്ടും അത് സംരക്ഷണമില്ലാതെ കാടു കയറി നശിക്കുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. കാടുകൾ വെട്ടിത്തെളിച്ച് അടുപ്പൂട്ടിപ്പാറ ഹിസ്റ്റോറിക്കൽ പാർക്ക് സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
കണിയാൻകുന്നിൽ ഒരു പറമ്പിൽ തന്നെ നിരവധി കുടക്കല്ലുകൾ ഉണ്ട്. ഇതും നാശത്തിന്റെ പിടിയിലാണ്. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പറമ്പു വാങ്ങി സംരക്ഷിക്കണമെന്ന ചരിത്ര സ്നേഹികളുടെ ആവശ്യം ബധിര കർണങ്ങളിലാണ് പതിക്ക്. കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുള്ള ചരിത്ര സ്മാരകങ്ങളും സംരക്ഷണം തേടുകയാണ്.
മഹാശിലയുഗ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരുടെ മൃതദേഹങ്ങൾ മറവു ചെയ്യുമ്പോൾ മരണപ്പെട്ടവരുടെ ഓർമക്കായി വലിയ കല്ലുകൾ ഉപയോഗിച്ച് പണിത സ്മാരകങ്ങളാണ് കുടക്കല്ലുകൾ. മൂന്ന് വലിയ കല്ലുകൾ കൂട്ടിവെച്ച് അതിന്മേൽ വിസ്താരമുള്ള കല്ല് വെക്കുന്നതിനാലാണ് ഈ ചരിത്ര സ്മാരകങ്ങൾ കുടക്കല്ല് എന്ന പേരിൽ അറിയപ്പെടുന്നത്.