കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മുക്കാൽ കോടി ചെലവഴിച്ചിട്ടും സീവേജ് പ്ലാന്റ് പൊട്ടിയൊഴുകുന്നു
text_fieldsഗവ. മെഡിക്കൽ കോളജ് ശുചീകരണ പ്ലാന്റിൽ നിന്ന് മലിനജലം റോഡിലൊഴുകുന്നു
പയ്യന്നൂർ: 75 ലക്ഷം രൂപ ചെലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ മലിനജല ശുചീകരണ പ്ലാന്റ് നവീകരിച്ചിട്ടും മലിനജലം റോഡിലൊഴുകുന്നു. ദുർഗന്ധം വമിക്കുന്ന മലിനജലമാണ് ദേശീയ പാതയിലും തൊട്ടടുത്തുള്ള അലക്യം തോട്ടിലേക്കും ഒഴുകുന്നത്. പ്ലാന്റ് കവിഞ്ഞാണ് ദുർഗന്ധം വമിക്കുന്ന ജലം റോഡിലേക്ക് ഒഴുകുന്നത്.
പുതിയ സർവിസ് റോഡിന്റെ ഓവുചാലിലെത്തുന്ന വെള്ളം പഴയ ദേശീയപാതയിലെത്തി തളം കെട്ടിക്കിടക്കുകയാണ്. ഇവിടെ നിന്നാണ് വെള്ളം അലക്യം തോട്ടിലേക്ക് ഒഴുകിയെത്തുന്നത്. ചെറുതാഴം, കടന്നപ്പള്ളി ഗ്രാമങ്ങൾക്ക് അതിരിട്ട് ഒഴുകുന്ന അലക്യംതോട് നിരവധി ജനങ്ങൾ കുളിക്കാനും കൃഷിക്കും ഉപയോഗിക്കുന്നതാണ്. കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ കലർന്ന വെള്ളം കെട്ടിക്കിടക്കുന്നതും തോട്ടിൽ ഒഴുകിയെത്തുന്നതും പകർച്ചവ്യാധി ഭീതിപരത്തുന്നതായി നാട്ടുകാർ പറയുന്നു.
ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ദേശീയപാതയിലൂടെ പോകാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. നടന്നു പോകുന്നവർക്കും മലിനജലം കടുത്ത ദുരിതമാവുകയാണ്. മുമ്പ് പ്ലാന്റ് പൊട്ടിപ്പൊളിയുകയും വെള്ളം വ്യാപകമായി ഒഴുകുകയും ചെയ്യുന്നത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് നിറഞ്ഞ പ്ലാന്റിൽ നിന്ന് കോരിയെടുത്ത മാലിന്യം റോഡരികിൽ കൂട്ടിയിട്ടത് വിവാദമാവുകയും ചെയ്തു. ഈ ദുരിതം ഒഴിവാക്കാനാണ് പ്ലാന്റ് പുതുക്കിയത്. എന്നാൽ, ലക്ഷങ്ങൾ ചെലവഴിച്ചിട്ടും മലിനജലം റോഡിലൊഴുകുകയാണ്.