കരിവെള്ളൂർ അങ്കം കുറിച്ച് അംഗനമാർ
text_fieldsഎ.വി. ലേജു,ഉഷ മുരളി
പയ്യന്നൂർ: സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയും പട്ടിണിക്കെതിരെയും കർഷകർ ചെങ്കൊടിയേന്തി പോരാടിയ മണ്ണാണ് കരിവെള്ളൂർ. ഈ മണ്ണിന് ഇടതു രാഷ്ട്രീയം സിരകളിലലിഞ്ഞ വികാരമാണ്. പുതിയ കാലത്തും ചെങ്കോട്ടയിൽ വലിയ വിള്ളലൊന്നും വന്നിട്ടില്ല.
അതുകൊണ്ട്, ജില്ല പഞ്ചായത്തിന്റെ ഒന്നാം ഡിവിഷൻ ഒരിക്കലും കൈവിടില്ലെന്ന ഉറച്ച വിശ്വാസം എൽ.ഡി.എഫിനുണ്ട്. എന്നാൽ, എല്ലാ കാലത്തും ഈ നില തുടരില്ലെന്നും പുതിയ തലമുറ മാറി ചിന്തിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്.
കരിവെള്ളൂർ, കാങ്കോൽ-ആലപ്പടമ്പ്, പെരിങ്ങോം-വയക്കര, ചെറുപുഴ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് ഡിവിഷൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം. രാഘവൻ 19,313 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോട്ട നിലനിർത്തിയത്. അധിനിവേശത്തിനെതിരായ പോരാട്ട ഭൂമികയിൽ അങ്കം മൂന്ന് അംഗനമാരാണെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
നിലവിൽ കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രസിഡന്റായ എ.വി. ലേജുവാണ് ഇടതു സ്ഥാനാർഥി. ഉഷ മുരളിയാണ് യു.ഡി.എഫിനു വേണ്ടി പോർക്കളത്തിൽ. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് വിജയലക്ഷ്മിയും എൻ.ഡി.എ സ്ഥാനാർഥിയായി രംഗത്തുണ്ട്.
സി.പി.എം കോളിയാടൻ നഗർ ബ്രാഞ്ചംഗമാണ്. ജനാധിപത്യ മഹിള അസോസിയേഷൻ കരിവെള്ളൂർ സൗത്ത് വില്ലേജ് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് അസോസിയേഷൻ എക്സിക്യുട്ടിവ് അംഗം, ജില്ല സ്പോർട്‌സ് കൗൺസിൽ അംഗം എന്നീ ചുമതലകൾ വഹിക്കുന്നു. കരിവെള്ളൂർ സമരനായകൻ എ.വി. കുഞ്ഞമ്പുവിന്റെ മരുമകൾ കൂടിയാണ് ലേജു.
ചെറുപുഴ കോലുവള്ളിയിൽ താമസിക്കുന്ന ഉഷ മുരളി. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ്. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി, ജവഹർ ബാലമഞ്ച് ബ്ലോക്ക് കോഓഡിനേറ്റർ, ഗാന്ധി ദർശൻ സമിതി പഞ്ചായത്തുതല വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


