ഇടത് കുലുങ്ങുമോ കുഞ്ഞിമംഗലത്ത്
text_fieldsപയ്യന്നൂർ: കണ്ടൽക്കാടുകൾ പച്ച വിരിച്ച കുഞ്ഞിമംഗലത്തിന്റെ മണ്ണിന് എന്നും ചുവപ്പുരാശിയാണ്. കോട്ടകൾ പലതും തകർന്നു വീഴുമ്പോഴും കുലുങ്ങാൻ കൂട്ടാക്കാത്തതാണ് ഈ ചുവപ്പു ഗ്രാമത്തിന്റെ പ്രത്യേകത. കുഞ്ഞിമംഗലമെന്നും എൽ.ഡി.എഫിന് പ്രതീക്ഷയുടെ തുരുത്താണ്. കഴിഞ്ഞ തവണ സി.പി.എമ്മിന്റെ യുവനേതാവ് സി.പി. ഷിജു 19,737 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
എന്നാൽ, ചരിത്രമെന്നും അതുപോലെ നിലനിൽക്കുന്നതല്ലെന്നും മാറ്റം ആഗ്രഹിക്കുന്നവരാണ് പുതിയ തലമുറയെന്നും മറുഭാഗം വാദിക്കുന്നു. കുഞ്ഞിമംഗലത്തെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട വിഭാഗീയതയും തങ്ങൾക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. കുഞ്ഞിമംഗലവും രാമന്തളിയും ചെറുതാഴം പഞ്ചായത്തിന്റെ ഒരു വാർഡ് ഒഴികെയുള്ള പ്രദേശങ്ങളുൾപ്പെടുന്നതാണ് കുഞ്ഞിമംഗലം ഡിവിഷൻ. ഈ മൂന്നു പഞ്ചായത്തുകളും ഭരിക്കുന്നത് എൽ.ഡി.എഫാണ്. രാമന്തളിയിൽ മാത്രമാണ് യു.ഡി.എഫിന് നേരിയ പ്രതീക്ഷ. വിജയം സുനിശ്ചിതമാണെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. എൽ.ഡി.എഫിൽ സി.പി.എമ്മിലെ പി.വി. ജയശ്രീയും യു.ഡി.എഫിനായി സി.എം.പിയിലെ ഷാഹിന അബ്ദുല്ലയുമാണ് മത്സരരംഗത്ത്. എൻ.ഡി.എക്കായി കടന്നപ്പള്ളിയിലെ ബി.ജെ.പി പ്രവർത്തക സുമിത അശോകനും മത്സരിക്കുന്നു.
2020ലെ വോട്ടിങ് നില
- എൽ.ഡി.എഫ്-33975
- യു.ഡി.എഫ്-14238
- എൻ.ഡി.എ-5254
- ഭൂരിപക്ഷം-19737


