ഇടതോരം ചേർന്ന് പയ്യന്നൂർ
text_fieldsഅത്യുത്തര കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് ദേശീയ സ്വാതന്ത്ര്യ സമരത്തിൽ രണ്ടാം ബർദോളിയെന്ന വിളിപ്പേരുള്ള പയ്യന്നൂർ. പഞ്ചായത്ത് മുതൽ തുടങ്ങിയ ഇടതു ചരിത്രം ഇപ്പോഴും തുടരുന്നു. നിലവിലെ 44 വാർഡുകളിൽ 35 എണ്ണവും എൽ.ഡി.എഫിനൊപ്പമാണ്. യു.ഡിഎഫിന് എട്ടെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒരുവാർഡ് സ്വതന്ത്രനാണ്. ഇക്കുറി വാർഡുകൾ 46 ആയി വർധിച്ചു. എൽ.ഡി.എഫ് സീറ്റ് വിഭജനം കഴിഞ്ഞ് നേരത്തെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി ഗൃഹസന്ദർശനം തുടങ്ങിയ ശേഷമാണ് യു ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കിയത്.
അതേസമയം, മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വൈശാഖ് കാരയിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ നോമിനേഷൻ സമർപ്പിച്ച് പ്രവർത്തന രംഗത്തെത്തിയത് എൽ.ഡി.എഫിന് കണ്ണിലെ കരടായി മാറിയിട്ടുണ്ട്. സി.പി.എം സ്ഥാനാർഥിയായ വി.കെ. നിഷാദിനെ തളിപ്പറമ്പ് കോടതി ശിക്ഷിച്ചതും തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയായി മാറി. എൽ.ഡി.എഫിൽ സി.പി.എം-39, സി.പി.ഐ-രണ്ട്, ഐ.എൻ.എൽ, ജെ.ഡി.എസ്, കോൺഗ്രസ്-എസ് എന്നിവർ ഒന്നു വീതം വാർഡുകളിലും രണ്ടിടത്ത് സ്വതന്ത്രരും ഇത്തവണ മത്സരിക്കുന്നു. യു.ഡി.എഫിൽ കോൺഗ്രസ്-39 വാർഡുകളിലും ലീഗ്-ആറിലും സ്വതന്ത്രൻ-ഒരു വാർഡിലും മത്സരിക്കുന്നു. ബി.ജെ.പി-27 വാർഡുകളിൽ മത്സരിക്കുന്നുണ്ട്.


