എവിടെ കവ്വായിക്കായലിന്റെ രാംസർ സൈറ്റ് പദവി
text_fieldsകവ്വായിക്കായൽ
പയ്യന്നൂർ: ഇന്ന് ലോക തണ്ണീർത്തട ദിനം. 1971ൽ ഇറാനിലെ രാംസറിൽ നടന്ന ലോക പരിസ്ഥിതി സമ്മേളനമാണ് ഫെബ്രുവരി രണ്ട് ലോക തണ്ണീർത്തട ദിനമായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര സൗഹൃദത്തിന്റെ അടയാളമായ ദേശാടന പക്ഷികൾ വിരുന്നെത്തുന്ന നീർത്തടങ്ങളെ രാംസർ സൈറ്റ് പദവി നൽകി സംരക്ഷിക്കാൻ സമ്മേളനം നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളുടെ ജല ഭക്ഷ്യ സുരക്ഷയെ സ്വാധീനിക്കുന്ന കവ്വായിക്കായലിനെ രാംസർ സൈറ്റ് പദവിയിലേക്ക് ഉയർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഒന്നര പതിറ്റാണ്ടു മുമ്പാരംഭിച്ച പദ്ധതി ഇപ്പോഴും ചുവപ്പു നാടയിൽ. മാധ്യമം വാർത്തയെ തുടർന്നാണ് നഗരസഭ ഇടപെട്ട് പ്രാരംഭ നടപടികൾ തുടങ്ങിയത്.
വിവിധ സർക്കാർ ഏജൻസികൾ നടത്തിയ നീക്കമാണ് പ്രാരംഭ സർവേയിലും സെമിനാറിലുമൊതുങ്ങിയത്. ഇപ്പോൾ കായൽ കാണാൻ നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും കായൽ സുരക്ഷ കടലാസിൽ മാത്രമൊതുങ്ങുകയാണ്. മലനിരകളുടെ കാറ്റേറ്റ്, പച്ചത്തുരുത്തുകൾ കണ്ട് ഓളപ്പരപ്പിലൂടൊരു യാത്ര നടത്താൻ ഏറ്റവും പറ്റിയ ജലസമൃദ്ധിയാണ് കവ്വായി ക്കായൽ. എന്നാൽ വൃഷ്ടിപ്രദേശത്തെ ചെങ്കൽ, മണ്ണ് ഖനനവും മറ്റും കായലിനെ നശിപ്പിക്കുകയാണ്. ലോകസഞ്ചാര ഭൂപടത്തിലിടം പിടിച്ച കവ്വായിക്കായൽ നൽകുന്ന കാഴ്ചയുടെ ഉത്സവം അന്താരാഷ്ട്ര മാഗസിനുകൾ ഉൾപ്പെടെ അംഗീകരിച്ചതാണ്. ലോൺലി പ്ലാനറ്റ് മാസികയുടെ അഭിപ്രായപ്രകാരം കേരളത്തിൽ കാണേണ്ട അഞ്ചിടങ്ങളിൽ ഒന്നും ലോകത്തിലെ 20 സ്ഥലങ്ങളിൽ ഒന്നുമായി കവ്വായിക്കായൽ ഇടം കണ്ടു. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ സിംഗപ്പൂർ എയർലൈൻസിന്റെ ട്രാവൽ മാഗസിനിലും കവ്വായിയുടെ പേര് അടയാളപ്പെട്ടു.
കായലും കടലും മലകളും തുരുത്തുകളുമൊക്കെ ചേർന്ന കവ്വായിക്കായൽ ഉത്തര കേരളത്തിലെ ഏറ്റവും വലിയ ജല സംഭരണിയാണ്. വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ നീണ്ടു കിടക്കുന്ന കായലിന്റെ ജല ജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങളും ചെമ്പല്ലിക്കുണ്ട്, കുണിയൻ തുടങ്ങിയ പക്ഷിസങ്കേതങ്ങളും ശ്രദ്ധേയമാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ കായലിനെ അറിയാനും ആസ്വദിക്കാനുമായി നിരവധി വിനോദസഞ്ചാരികളാണ് അടുത്തകാലത്തായി ഇവിടെയെത്തുന്നത്. ഉത്തര മലബാറിന്റെ ആലപ്പുഴയെന്ന് വിശേഷിക്കപ്പെടുന്ന കവ്വായിക്കായലിലേക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ. അറബിക്കടലിനു സമാന്തരമായി 21 കിലോ മീറ്റർ നീണ്ടു കിടക്കുന്ന ജലാശയമാണ് ലോക തണ്ണീർത്തട പദവിയായ രാംസർ സൈറ്റ് പട്ടികയിലിടം പിടിക്കാനുള്ള പ്രാഥമിക നടപടികളിൽ മാത്രമായി ഒതുങ്ങിയത്. കേരളത്തിൽ മലിനപ്പെടാത്ത ജലസമൃദ്ധി കൂടിയാണ് വടക്കൻ കേരളത്തിന്റെ ജലസമൃദ്ധിയായ ഈ കായൽ പ്രകൃതി സൗന്ദര്യത്തിനുമപ്പുറം ജലവിഭവങ്ങളുടെ സമൃദ്ധിയും, ദേശാടനക്കിളികളുടെ സന്ദർശനവും കായലിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നതിനുള്ള പ്ലസ് പോയന്റുകളാണ്.
പയ്യന്നൂരിന്റെയും ഉത്തരകേരളത്തിന്റെയും ചരിത്രവും കായലിന്റെ ജൈവസമ്പന്നതയും അറിഞ്ഞ് പച്ചോളങ്ങളിൽ തെന്നിയൊഴുകാൻ സഞ്ചാരികളെ മാടി വിളിക്കുന്ന കവ്വായിക്കായലിനെ വിനോദ സഞ്ചാര പദ്ധതിയിൽ മാത്രം തളച്ചിടാതെ പാരിസ്ഥിതിക പ്രാധാന്യം കൂടി നിലനിർത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.