വാഹനാപകടം: റഷ്യൻ യുവതിക്ക് ആശ്വാസവുമായി ഗവ. മെഡിക്കൽ കോളജ്
text_fieldsകണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം റഷ്യൻ യുവതി നതാലി
പയ്യന്നൂർ: സ്കൂട്ടറിൽനിന്ന് വീണ് ഇടത് കൈത്തണ്ടയിൽ പരിക്കേറ്റ റഷ്യൻ യുവതിക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയ.
ഇടത് കൈത്തണ്ടയിൽ വേദനയും നീരും അധികമായതിനാൽ കഴിഞ്ഞ 10ന് മെഡിക്കൽ കോളജിലേക്ക് സ്വകാര്യ ആശുപത്രിയിൽനിന്ന് റഫർ ചെയ്ത നതാലിയ എന്ന യുവതിയെ മെഡിക്കൽ അഡ്മിറ്റ് ചെയ്ത അതേ ദിവസംതന്നെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. കൈത്തണ്ടയിൽ സംഭവിച്ച ഒടിവ് ഓപൺ റിഡക്ഷൻ ഇന്റേണൽ ഫിക്സെഷൻ സർജറി മുഖേന ഇംപ്ലാന്റുകൾ ഘടിപ്പിക്കുകയാണ് ചെയ്തത്.
യോഗ ഗവേഷണത്തിന് റഷ്യയിൽനിന്ന് വന്ന നതാലിയക്ക് കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്റെ മികവും സുതാര്യതയും അതിശയിപ്പിക്കുന്നതും കുറ്റമറ്റതാണെന്നുമാണ് അഭിപ്രായം. ഇത് തന്നെ സോവിയറ്റ് കാലഘട്ടത്തിലെ റഷ്യയിലെ പൊതു ആരോഗ്യസംവിധാനത്തെ ഓർമപ്പെടുത്തുന്നതായി അവർ പറഞ്ഞു.
ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാർ, നഴ്സിങ് വിഭാഗം ജീവനക്കാർ എന്നിവരുടെ ഭാഗത്തുനിന്ന് നല്ല സ്നേഹവും സഹകരണവും ലഭിച്ചതായി നതാലിയ പറഞ്ഞു.
രോഗി വേഗത്തിൽ സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ് അഭിനന്ദിച്ചു.


