കവർച്ചയിൽ പൊറുതിമുട്ടി പയ്യന്നൂർ; സമീപകാലത്ത് നിരവധി മോഷണക്കേസുകളാണ് രജിസ്റ്റർ ചെയ്തത്
text_fieldsപ്രതീകാത്മക ചിത്രം
പയ്യന്നൂർ: പയ്യന്നൂരും പരിസരങ്ങളിലും കവർച്ച പെരുകുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. വർഷങ്ങൾക്കു മുമ്പ് ലക്ഷങ്ങളുടെ സ്വർണം ഉൾപ്പെടെ നഷ്ടപ്പെടുകയും നഗരത്തിലെ കടകൾ കുത്തിത്തുറക്കുകയും ചെയ്ത് ഭീതി വിതച്ച ദിനങ്ങൾക്ക് താൽക്കാലിക വിരാമമുണ്ടായെങ്കിലും ഇടവേളക്കുശേഷം വീണ്ടും കവർച്ചക്കാർ വിലസുകയാണ് പയ്യന്നൂരിലും പരിസരങ്ങളിലും. പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാതമംഗലത്തും പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പയിലും വൻ കവർച്ചയാണ് നടന്നത്.
മാതമംഗലത്ത് വീട്ടുകാർ ആശുപത്രിയിലായിരുന്നു കവർച്ച നടക്കുമ്പോൾ. എന്നാൽ, പെരുമ്പയിൽ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് ലക്ഷങ്ങളുടെ കവർച്ച. ഭാഗ്യംകൊണ്ടു മാത്രമാണ് വീട്ടുകാർ രക്ഷപ്പെട്ടത്. കരിവെള്ളൂരിൽ നവവധുവിന്റെ 30 പവനാണ് വിവാഹദിവസം നഷ്ടപ്പെട്ടത്. മൂന്നാം ദിവസം വീട്ടിലെത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത നിലനിൽക്കുകയാണ്.
സമാന കവർച്ചയാണ് കഴിഞ്ഞ ദിവസം പുഞ്ചക്കാടും നടന്നത്. വീട്ടുകാർ പരാതി നൽകി ഫോറൻസിക് വിഭാഗം ഉൾപ്പെടെ തെളിവെടുത്ത ശേഷം നഷ്ടപ്പെട്ട അലമാരയിൽതന്നെ സ്വർണം കണ്ടെത്തി. രാമന്തളി ഗ്രാമപഞ്ചായത്തിലെ ഒരു വീട്ടിലെ മാല കവർച്ചയിൽ പിടിയിലായത് ബന്ധുവും സുഹൃത്തുമായിരുന്നു. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വയോധികരുടെ മാല തട്ടിപ്പറിച്ചത് പട്ടാപ്പകലായിരുന്നു. നിരീക്ഷണ കാമറയുടെ സഹായത്തോടെ പ്രതി പിടിയിലായെങ്കിലും ആഭരണമണിഞ്ഞ് പകൽപോലും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി സ്ത്രീകളെ ഭീതിയിലാക്കുകയാണ്.
ഒരാഴ്ച മുമ്പ് കടയിൽ ജോലി ചെയ്യുന്നയാളുടെ 6,500 രൂപയടങ്ങിയ ബാഗ് കവർന്ന് പ്രതി രക്ഷപ്പെട്ടതും പട്ടാപ്പകലാണ്. പിറ്റേന്നും സമീപ കടയിൽ കവർച്ചക്കെത്തിയ പ്രതിയെ കണ്ട വ്യാപാരികളും നാട്ടുകാരും പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഈ പ്രതിയാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടതും മണിക്കൂറുകൾക്കകം പിടിയിലായതും. കവർച്ചക്കാരെ പിടികൂടാൻ കർശന ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
അതേസമയം, ഏറെ തിരക്കുള്ള പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ വേണ്ടത്ര പൊലീസുകാർ ഇല്ലാത്തത് ക്രമസമാധാനപാലനത്തിന് തടസ്സമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കണക്കു പ്രകാരം 12ഓളം ഉദ്യോഗസ്ഥരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് വിവരം. വലിയ സ്റ്റേഷനുകളിൽ ബൈക്ക് അനുവദിക്കാറുണ്ടെങ്കിലും ഇതുമില്ല പയ്യന്നൂരിൽ. പലയിടത്തും തെരുവുവിളക്കുകൾ കണ്ണടക്കുന്നതും നിരീക്ഷണ കാമറകൾ പണിമുടക്കുന്നതും കവർച്ചക്കാർക്ക് തുണയാവുന്നു.


