വിടപറഞ്ഞത് കവിതയെയും കലയെയും സ്നേഹിച്ച മനുഷ്യ സ്നേഹി
text_fieldsപയ്യന്നൂർ: കുരീപ്പുഴയുടെ മനുഷ്യ പ്രദർശനം എന്ന കവിത രചിക്കപ്പെടാനുള്ള കാരണം മധുവുമായുള്ള ഒരു സംഭാഷണമാണെന്ന് അദ്ദേഹം അഭിമുഖങ്ങളിലും നേരിട്ടും പറഞ്ഞിട്ടുണ്ട്. ഇതു മാത്രം മതി കഴിഞ്ഞ ദിവസം കൊല്ലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കുഞ്ഞിമംഗലത്തെ മധുസൂദനന്റെ സാഹിത്യാഭിമുഖ്യത്തെ അടയാളപ്പെടുത്താൻ.
കലയെയും സാഹിത്യത്തെയും ഏറെ സ്നേഹിക്കുകയും നെഞ്ചേറ്റുകയും ചെയ്ത വ്യക്തിത്വമാണ് എം. മധുസൂദനൻ എന്ന മധു മാഷ്. സുഹൃത്തുക്കളും സഹപ്രവർത്തകരും അറിഞ്ഞാദരിച്ചുനൽകിയ പേരാണ് മധു മാഷ്. കുഞ്ഞിമംഗലം തെക്കുമ്പാട് സ്വദേശിയായ മധു കഴിഞ്ഞ ദിവസമാണ് മധുസൂദനൻ കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന കലാ പരിപാടിയിൽ ഇ.കെ. നായനാരുടെ വേഷം ചെയ്യാൻ പോയത്.
പിന്നീട് അവിടെ ലോഡ്ജ് മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിമംഗലത്ത് മുമ്പ് അവതരിപ്പിച്ച നാടകത്തിൽ മധുസൂദനൻ ഇ.കെ. നായനാരായി അഭിനയിച്ചിരുന്നു. ഇത് ഏറെ പ്രേക്ഷക ശ്രദ്ധ നേടി. നായനാരായി അഭിനയിച്ച ചിത്രങ്ങളും വിഡിയോയും സുഹൃത്തുക്കളെ കാണിച്ച് അഭിമാനം കൊള്ളാറുണ്ട് ഈ കലാകാരൻ. ഒരു സുഹൃത്ത് സംവിധായകൻ പ്രമോദ് പയ്യന്നൂരിനെ പരിചയപ്പെടുത്തിയതു പ്രകാരമാണ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പരിപാടിയിൽ വേഷമിടാൻ മധുസൂദനനെ വിളിച്ചത്.
പ്രമുഖ എഴുത്തുകാരും കവികളുമായും നാടക പ്രവർത്തകരുമായും ചലച്ചിത്ര സംവിധായകരുമായും പരിചയവും സൗഹൃദവും ഉണ്ടായിരുന്നു. ആരെയും ആകർഷിക്കുന്ന വാക് ചാതുരിക്ക് ഉടമയായിരുന്നു. പയ്യന്നൂരിൽ ജില്ല സ്കൂൾ കലോത്സവം നടക്കുമ്പോൾ നാടകവേദിക്കു മുന്നിൽ ഏതു സമയത്തും ഇദ്ദേഹം ഉണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് പുതിയ സാങ്കേതികവിദ്യകളോടെ നിർമിച്ച ഒരു ഡിജിറ്റൽ ഡോക്യുമെന്ററിയിലും നായനാരായി വേഷമിട്ടിരുന്നു.
സി.പി.എം സമ്മേളനവേദിയിൽ ചെയ്യേണ്ടിയിരുന്ന നായനാർ വേഷം എന്ന ആ വലിയ ചുമതല മുമ്പിലുണ്ടായിരിക്കെ മധുവിനെ ഇത്രമേൽ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയ മരണ കാരണം എന്താെണന്നതിന് ഉത്തരം തേടുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.