വിടവാങ്ങിയത് പയ്യന്നൂരിന്റെ നാട്ടുനന്മ
text_fieldsകെ. രാഘവൻ സൈക്കിളിൽ (ഫയൽ പടം )
പയ്യന്നൂർ: പയ്യന്നൂരിലെ കല്യാണ പന്തലിലും മരണവീട്ടിലും ഉത്സവ പറമ്പിലും കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി ആഡംബരമേതുമില്ലാത്ത ഒരു സൈക്കിളിൽ കെ. രാഘവൻ എന്ന നാട്ടുകാരുടെ പ്രിയ കെ.ആറിന്റെ സാന്നിധ്യമുണ്ട്. ഉറച്ച കമ്യൂണിസ്റ്റാണ് എന്നാൽ. നാട്ടുകാരുമായി ഇടപഴകുന്നതിൽ മതമോ രാഷ്ട്രീയമോ ആ മനുഷ്യ സ്നേഹിക്കില്ല. ഉച്ചവരെ കൃഷിയിടത്തിൽ. ഒപ്പം പശു പരിപാലനവും. പാർട്ടി പരിപാടികൾ ഇല്ലെങ്കിൽ കൃഷിയും കന്നുകാലി പരിപാലനവും കഴിഞ്ഞാണ് പയ്യന്നൂരിലെത്തുക.
തെക്കേ ബസാറിലൂടെ സൈക്കിളോടിച്ചുവന്ന് അതേ വഴിയിലൂടെ തിരിച്ചു പോകുന്നതുപോലെ കെ. രാഘവൻ എന്ന ജനകീയൻ ബുധനാഴ്ച പോയിരിക്കുന്നു. തിരിച്ചുവരാത്ത യാത്രയായിരുന്നു അത്. പയ്യന്നൂരിൽ തലയുയർത്തി നിൽക്കുന്ന നിരവധി സഹകരണ സ്ഥാപനങ്ങളുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ വിയർപ്പുണ്ട്. ബീഡിത്തൊഴിലാളിയായിരുന്ന കാലത്തെ വരുമാനം കൊണ്ടാണ് ആദ്യത്തെ സൈക്കിൾ സ്വന്തമാക്കുന്നത്. വീട്ടിൽനിന്ന് പയ്യന്നൂരിലേക്കുള്ള യാത്രയും പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള സഞ്ചാരങ്ങളെല്ലാം സൈക്കിളിലായിരുന്നു. ആറു തവണ സൈക്കിൾ മോഷണം പോയതും അതിൽ നാലു തവണയും തിരികെ ലഭിച്ചതും വാർത്തയായിട്ടുണ്ട്.
കൗൺസിലറായിരുന്ന കാലത്താണ് മുനിസിപ്പൽ ഓഫിസിന് മുന്നിൽവെച്ച് സൈക്കിൾ മോഷ്ടിക്കപ്പെട്ടത്. കുറേ ദിവസം കഴിഞ്ഞ് പഴയ റൂറൽ ബാങ്കിന്റെ സ്ഥലത്ത് മതിലിൽ ചാരിവെച്ച നിലയിലായിരുന്നു തിരികെ ലഭിച്ചത്. പിന്നീട് നിരവധി തവണ ഇത് ആവർത്തിക്കപ്പെട്ടു. കെ.ആറിന്റെ സൈക്കിൾ നഷ്ടപ്പെട്ടാൽ പത്രത്തിൽ വാർത്ത വരും. വാർത്ത കണ്ട മോഷ്ടാവ് തിരിച്ചേൽപ്പിക്കും. അവസാനം പാർട്ടി ഓഫിസിന് സമീപത്തുവെച്ച സൈക്കിളാണ് നഷ്ടപ്പെട്ടത്. അതിന്റെ പിറ്റേന്ന് പത്രത്തിൽ വന്നു വാർത്ത കണ്ടിട്ടാവണം അതെടുത്തയാൾ തിരിച്ചു കൊണ്ടുവെച്ചു.
മുഖ്യമന്ത്രി അനുശോചിച്ചു
സി.പി.എം പയ്യന്നൂർ മുൻ ഏരിയ കമ്മിറ്റിയംഗവും സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗവുമായ കെ.രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മൂന്നു ദശാബ്ദത്തിലേറെ സി.പി.എം ഏരിയ കമ്മറ്റി അംഗമായി പ്രവർത്തിച്ച അദ്ദേഹം പയ്യന്നൂരിന്റെ വികസന പ്രവർത്തനങ്ങളിലും ട്രേഡ് യൂനിയൻ രംഗത്തും സജീവമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.