കായിക ചരിത്രം കളമൊഴിഞ്ഞു
text_fieldsവി.എം. ദാമോദരൻ മാസ്റ്റർ കായിക മേഖലക്ക്
നൽകിയ സംഭാവനകൾ പരിഗണിച്ച് മുൻ എം.പിയും സി.പി.എം നേതാവുമായ ടി. ഗോവിന്ദനിൽ
നിന്ന് ആദരം ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം )
പയ്യന്നൂർ: പയ്യന്നൂരിന്റെ ചരിത്രത്തിന് അച്ചടി മഷി പുരളുന്ന സ്മരണികകളിൽ ദാമു മാസ്റ്ററുടെ കായിക ചരിത്ര ലേഖനം ഇല്ലെങ്കിൽ അത് അപൂർണമായിരിക്കും. അത്രക്ക് പയ്യന്നൂരിന്റെയും കണ്ണൂർ, കാസർകോട് ജില്ലകളുടെയും കായിക ചരിത്രവുമായി ഇഴുകി ചേർന്ന വ്യക്തിത്വമായിരുന്നു ബുധനാഴ്ച അന്നൂരിൽ വിടവാങ്ങിയ വി.എം. ദാമോദരൻ മാസ്റ്റർ എന്ന ദാമു മാഷ്.
കായിക താരമായി, കായിക അധ്യാപകനായി, യൂത്ത് വെൽഫെയർ ഓഫിസറായി, മികച്ച സംഘാടകനായി, പയ്യന്നൂരിന്റെ സാംസ്കാരിക, മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം.
വിദ്യാർഥിയായിരിക്കെ തന്നെ ഫുട്ബാളിലും കബഡിയിലും സ്കൂൾ ടീമിലിടം നേടി ജില്ലതല മത്സരങ്ങളിൽ പങ്കെടുത്തു. കോഴിക്കോട് ദേവഗിരി കോളജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം കോഴിക്കോട് ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജിൽ ചേർന്നു കായിക അധ്യാപക പരിശീലനം പൂർത്തിയാക്കി.
തുടർന്ന് 1964ൽ കേന്ദ്ര സ്പോർട്സ്, യുവജനക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നാഷനൽ ഡിസിപ്ലിൻ സ്കീമിൽ സെലക്ഷൻ നേടി ജയ്പൂരിനടുത്ത സരിസ്കയിൽ ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കി.
തുടർന്ന് എൻ.ഡി.എസ് അധ്യാപകനായി തിരുവല്ലക്കടുത്ത കവിയൂർ എൻ.എസ്.എസ് ഹൈസ്കൂളിലും പിന്നീട് ന്യൂ മാഹി എം.എം. ഹൈസ്കൂളിലും മാടായി ഗവ. ഹൈ സ്കൂളിലും പയ്യന്നൂർ ഹൈസ്കൂളിലും കായിക അധ്യാപകനായി ജോലി ചെയ്തു. പയ്യന്നൂർ യങ് സ്റ്റാർസ് ക്ലബിന് രൂപം കൊടുക്കുന്നതിൽ പ്രധാനിയായി. 1976ൽ മീററ്റിൽ നടന്ന ദേശീയ കായിക മേളയിൽ വിജയം നേടിയ കബഡി, ഖൊ- ഖൊ ടീം മാനേജരായിരുന്നു.
1987 ലും 2015 ലും കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ സംഘാടക സമിതിയിലും സജീവമായി. കാസർകോട് വിദ്യാഭ്യാസ ജില്ല സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി, കണ്ണൂർ ജില്ല കബഡി അസോസിയേഷൻ സെക്രട്ടറി, കേരള കബഡി അസോസിയേഷൻ ട്രഷറർ, കണ്ണൂർ ജില്ല ടെന്നി കോയ്, മൗണ്ടനേയറിങ് അസോസിയേഷനുകൂടെ സെക്രട്ടറി എന്നീ പദവികളിൽ സേവനമനുഷ്ടിച്ചു. 2003ൽ കാസർകോട് ജില്ല യൂത്ത് വെൽഫെയർ ഓഫിസറായിരിക്കെയാണ് സർവിസിൽനിന്ന് വിരമിച്ചത്.
അനുശോചിച്ചു
വി.എം. ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ അന്നൂർ വില്ലേജ് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ പി. കമ്മാര പൊതുവാൾ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ്, വി.കെ.പി. ഇസ്മാഈൽ, ബി. സജിത് ലാൽ, കെ.വി. കൃഷ്ണൻ, പനക്കീൽ ബാലകൃഷ്ണൻ, വി.ആർ.വി. ഏഴോം, നഗരസഭ കൗൺസിലർ കെ.യു. രാധാകൃഷ്ണൻ, കെ.വി. ബാബു, കെ.എം. രമേശൻ, വി.എം. രാജീവൻ, കെ. ഹരിഹർ കുമാർ, ഇട്ടമ്മൽ ഭാസ്കരൻ, കെ.യു. വിജയകുമാർ, പി. പത്മനാഭൻ അന്നൂർ, എൻ. കുഞ്ഞിരാമൻ, വി.പി. രാജൻ, ടി.എ. അഗസ്റ്റിൻ, പി.എം. ബാലകൃഷ്ണൻ, എ.കെ.പി. നാരായണൻ, പി. ജയൻ എന്നിവർ സംസാരിച്ചു. യു .രാജേഷ് സ്വാഗതവും സി.വി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.