കുഞ്ഞിമംഗലത്ത് നീർത്തടം നികത്തിയ മണ്ണ് തിരിച്ചെടുത്തുതുടങ്ങി
text_fieldsപയ്യന്നൂർ: കുഞ്ഞിമംഗലത്തെ കണ്ടൽക്കാടുകൾ നശിപ്പിപ്പിച്ച് തണ്ണീർത്തടങ്ങൾ പ്ലാസ്റ്റിക് അടക്കമുള്ള കെട്ടിടാവശിഷ്ടങ്ങൾ നിക്ഷേപിച്ച് നികത്തിയത് പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തി തുടങ്ങി. ഹൈകോടതി ഉത്തരവിനെ തുടർന്നാണ് നടപടി.നീർത്തടം നികത്തിയതിനെതിരെ പരിസ്ഥിതി പ്രവർത്തകനായ പി.പി. രാജൻ മഹേഷ് വി. രാമകൃഷ്ണൻ മുഖേന നൽകിയ കേസ് തീർപ്പാക്കിയാണ് ഹൈകോടതി ചിഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് മണ്ണെടുക്കാൻ ഉത്തരവായത്.
ഒരിക്കൽ ഒരു ആവാസ വ്യവസ്ഥക്ക് കേടുപാടകൾ സംഭവിച്ചാൽ, അതിന്റെ സ്വാഭാവിക സമഗ്രതയും പാരിസ്ഥിതിക പ്രവർത്തനങ്ങളും എളുപ്പത്തിൽ എളുപ്പത്തിൽ പുനർനിർമിക്കാനോ തിരികെ കൊണ്ടുവരാനോ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മണ്ണെടുക്കാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം 13മുതൽ മൂന്നുമാസത്തിനുള്ളിൽ കെട്ടിടാവശിഷ്ടങ്ങളടങ്ങിയ മണ്ണ് നീക്കം ചെയ്ത്, നശിപ്പിക്കപ്പെട്ട ഓരോ കണ്ടൽച്ചെടിക്കും ഏറ്റവും ചുരുങ്ങിയത് മൂന്നെണ്ണമെങ്കിലുംവെച്ചു പിടിപ്പിക്കണമെന്നും ഭാവിയിൽ നാശം തടയുന്നതിന് സ്ഥിരം നിരീക്ഷണ സംവിധാനം സ്ഥാപിക്കണമെന്നും കോടതി അധികൃതരോട് ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒന്നിന് കുഞ്ഞിമംഗലം പഞ്ചായത്ത് ഓഫിസിൽ നടന്ന യോഗത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ താഹസിൽദാർ, വില്ലേജ്, പഞ്ചായത്ത് ജീവനക്കാർ, കൃഷി ഓഫിസർ, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ പങ്കെടുക്കുകയും എട്ടിനകം തണ്ണിർത്തടങ്ങളിൽ നിക്ഷേപിച്ച കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനം തുടങ്ങാൻ തീരുമാനിക്കുകയുമായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥനായ കെ.വി.ഷിജിൻ, വില്ലേജ് അസിസ്റ്റന്റ് ടി.പി രവീന്ദ്രനാഥ്, പഞ്ചായത്ത് ജീവനക്കാരായ സതീശൻ പുളുക്കൂൽ, പി.വി. മനോജ്കുമാർ തുടങ്ങിയവർ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. പരിസ്ഥിതി പ്രവർത്തകരായ പിപി.രാജൻ, പിഎം. ബാലകൃഷ്ണൻ, വി.വി. സുരേഷ്, കെ.വി. നവീൻകുമാർ, നെട്ടൂർ നാരായണൻ എന്നിവരും പങ്കെടുത്തു.


