ഇന്ന് അത്തം; നാട്ടുപൂക്കളത്തിന്റെ റാണിയായി കൃഷ്ണകിരീടം
text_fieldsപൂത്തുനിൽക്കുന്ന കൃഷ്ണകിരീടം
ഇന്ന് അത്തം; നാട്ടുപൂക്കളത്തിന്റെ റാണിയായി കൃഷ്ണകിരീടം
പയ്യന്നൂർ: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള ദിവസങ്ങളിൽ മുറ്റങ്ങളിൽ പൂക്കളത്തിന്റെ വർണ്ണകാന്തി വിടരും. അധിനിവേശപുഷ്പങ്ങൾ പൂക്കളങ്ങൾ കീഴടക്കിയെങ്കിലും അപൂർവമായി ചിലയിടങ്ങളിലെങ്കിലും നാടൻ പൂവുകൾ ഉപയോഗിക്കാറുണ്ട്.
ഓണപ്പൂക്കളങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത പൂവാണ് കൃഷ്ണകിരീടം. കോൺക്രീറ്റ് കെട്ടിടങ്ങളും ഇന്റർലോക്കുകളും വ്യാപിച്ചതോടെ അപൂർവ കാഴ്ചയായി മാറുകയാണ് ഈ നാടൻ സുന്ദരി. അപൂർവമായി ചില ഗ്രാമങ്ങളിൽ മാത്രമാണ് ഹനുമാൻ കിരീടം എന്നുകൂടി വിളിപ്പേരുള്ള കൃഷ്ണകിരീടം വളരുന്നത്.
തണൽ ഇഷ്ടപ്പെടുന്ന ഈ ചെടി വേനലിനെ അതിജീവിക്കുമെങ്കിലും മഴക്കാലത്തു മാത്രമാണ് പൂവിടാറുള്ളത്. ഒരു കുലയിൽ കിരീടത്തിന്റെ മാതൃകയിൽ അടിഭാഗം വീതിയിലും മുകളിലെത്തുമ്പോൾ ചെറുതായുമാണ് പൂക്കുല. കിരീടം പോലുള്ള ഈ രൂപമാണ് ഹനുമാൻകിരീടം അഥവാ കൃഷ്ണ കിരീടം എന്ന പേരിന് കാരണം. ഒരു കുലയിൽ നൂറുകണക്കിന് ചെറിയ പൂക്കൾ ഉണ്ടാവും.
പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയാണിത്. ക്ലെറോഡെൻഡ്രം പാനിക്കുലേറ്റം എന്നാണ് ശാസ്ത്രീയ നാമം. പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ വിടരം. ഈ കാഴ്ച എറെ മനോഹരമാണ്. പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഓണത്തിനു പൂക്കളം ഒരുക്കാനും ഉപയോഗിക്കാറുണ്ട്.