അറ്റകുറ്റപ്പണിക്ക് ആയുസ്സ് രണ്ടാഴ്ച; തകർന്ന് തരിപ്പണമായി പയ്യന്നൂർ ബൈപാസ് റോഡ്
text_fieldsതകർന്ന പയ്യന്നൂർ ബൈപാസ് റോഡ്
പയ്യന്നൂർ: രണ്ടാഴ്ച മുമ്പ് അടച്ച് അറ്റകുറ്റപ്പണി നടത്തിയ പയ്യന്നൂർ ബൈപാസ് റോഡ് തകർന്ന് തരിപ്പണമായി. കനത്ത മഴയിലാണ് പാതയിൽ കാൽനട യാത്രപോലും ദുസ്സഹമായത്. ബി.കെ.എം മുതൽ എൽ.ഐ.സി ജങ്ഷൻ വഴി പെരുമ്പ ദേശീയപാതയിലെത്തുന്ന റോഡാണ് വീണ്ടും തകർന്നത്.
പാത വഴി വാഹന ഗതാഗതം ദുഷ്കരമായതിനെത്തുടർന്ന് രണ്ടാഴ്ച മുമ്പ് റോഡടച്ചുകൊണ്ട് റിപ്പയർ ചെയ്തതാണ് ഇപ്പോൾ അടർന്നുപോയി പഴയതിലും കൂടുതൽ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലായത്. പഴയ ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകളെല്ലാം ഈ റോഡ് വഴിയാണ് പെരുമ്പയിലെത്തേണ്ടത്. ഇരുചക്ര വാഹനങ്ങൾക്കു മാത്രമല്ല, ബസുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്കുവരെ ഈ റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത വിധത്തിൽ റോഡു മുഴുവൻ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിരിക്കയാണ്.
മഴ ആരംഭിക്കുന്നതിന് മുമ്പുതന്നെ റോഡ് തകർച്ച തുടങ്ങിയിരുന്നുവെങ്കിലും ആ സമയത്തൊന്നും അറ്റകുറ്റപ്പണി നടത്താതെ മഴയാരംഭിച്ചശേഷം കുഴിയടച്ചതിനാലാണ് ‘പണി വെള്ളത്തിലാവാൻ’ കാരണമെന്ന് നാട്ടുകാർ പറയുന്നു. ബൈപാസ് വഴിയുള്ള യാത്ര ദുഷ്കരമായതോടെ ബസുകളടക്കമുള്ള വാഹനങ്ങൾ വഴിമാറി ഓടാൻ തുടങ്ങിയിട്ടുണ്ട്.