പുലർച്ചവരെ ജോലി ചെയ്തു, എന്നിട്ടും എന്തിനീ കടുംകൈ? അനീഷ് ജോർജിന്റെ മരണത്തിൽ ഉത്തരം തേടി നാട്
text_fieldsവിവരമറിഞ്ഞ് അനീഷിന്റെ വീട്ടിലെത്തിയ നാട്ടുകാർ
പയ്യന്നൂര്‍: പുലർച്ച രണ്ടുവരെ ജോലി ചെയ്തു. അൽപം ഉറങ്ങിയ ശേഷം രാവിലെയും എസ്.ഐ.ആർ ഫോറത്തിന്റെയൊപ്പം തന്നെയായിരുന്നു. എന്നിട്ടും, അനീഷ് ജോർജ് എന്തിനീ കടുംകൈ ചെയ്തു? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഏറ്റു കുടുക്കയിലെ നാട്ടുകാരും ബന്ധുക്കളും. വലിയ ജോലി സമ്മർദമുണ്ടായതായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഇത് സഹപ്രവർത്തകരോട് സംസാരിച്ചതായും പറയുന്നു. ജോലി തീർത്ത് പെട്ടെന്ന് ഫോറങ്ങൾ തിരിച്ചേൽപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.
ജോലി തീർക്കാനാണ് പുലർച്ച വരെ ജോലി ചെയ്തത്. എന്നാൽ, ഇതിനു ശേഷം എന്തിന് ജീവിതത്തിൽനിന്ന് തന്നെ തിരിച്ചുനടന്നുവെന്ന ചോദ്യമാണ് ബാക്കിയാവുന്നത്. മുഴുവൻ വോട്ടർമാരെയും തിരിച്ചറിയാൻ സാധിക്കാത്തത് മനസ്സിനെ അലട്ടിയിരുന്നതായി പറയുന്നു. ഇതിനു പിന്നാലെ പല പ്രദേശങ്ങളിൽനിന്ന് ഫോൺ വിളികളും വരാറുള്ളതായും പറയുന്നു. ഇതും കടുത്ത മനോവേദനക്ക് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാട്ടിലും ജോലിസ്ഥലത്തും ഏറെ പ്രിയങ്കരനായിരുന്നു അനീഷ്. ജോലിയിലും ആത്മാർഥത കാണിക്കുന്നയാളാണെന്നും നാട്ടുകാർ പറയുന്നു. വോട്ടർമാരെ ഒഴിവാക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്യുക എന്നത് ഏറെ ശത്രുക്കളെ ക്ഷണിച്ചുവരുത്തുന്ന ജോലിയാണെന്നും ഇത് വലിയ മാനസിക സമ്മർദത്തിന് കാരണമാവുന്നതായും പറയുന്നു.
പലപ്പോഴും ബി.എൽ.ഒമാർ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നതും പതിവാണ്. ഇതൊക്കെ ഉദ്യോഗസ്ഥരെ ഏറെ സമ്മർദത്തിലാക്കുന്നതായി പറയുന്നു. ഏറ്റുകുടുക്കയില്‍ എസ്.ഐ.ആർ ചുമതലയുള്ള അനീഷ് രാമന്തളി കുന്നരു എ.യു.പി സ്കൂളിലെ ജീവനക്കാരനാണ്. രാവിലെ വീട്ടുകാരെ പള്ളിയിലാക്കി വീട്ടിലെത്തിയശേഷമാണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ രാവിലെ 11നാണ് സംഭവം. ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷ് ജോർജിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് നിരവധി പേരാണ് വീട്ടിലെത്തിയത്. ടി.ഐ. മധുസൂദനൻ എം.എൽ.എ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.


