മാടായിപ്പാറയിൽ വൻ തീപിടിത്തം
text_fieldsമാടായിപ്പാറയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ അഗ്നിബാധ
പഴയങ്ങാടി: മാടായിപ്പാറയിലുണ്ടായ വൻ തീ പിടിത്തത്തിൽ അഞ്ച് ഏക്കറോളം പുൽമേടുകൾ കത്തി നശിച്ചു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ മാടായിപ്പാറയിലെ മാടായി കോളജിന്റെ പിൻവശത്തായി തെക്കിനാക്കിൽ കോട്ടയുടെ പരിസരത്ത് നിന്നാണ് തീ പടർന്നത്. അഗ്നിബാധയിൽ ഡൈമേറിയ പുൽമേടുകളാണ് കത്തിയമർന്നത്. മാടാപ്പാറയിൽ ഡൈമേറിയ പുല്ലുകൾ നിറഞ്ഞു നിൽക്കുന്ന കാലമായതിനാൽ തീ അതിവേഗം പടരുകയായിരുന്നു.
തീ പടർന്ന മേഖലയിലെത്താൻ കൃത്യമായ വഴിയില്ലാത്തത്തിനാൽ അഗ്നിരക്ഷ സേനക്ക് തീയണക്കുന്നതിന് ഏറെ പ്രയാസമായി. രാതി 9.30 ഓടെയാണ് പയ്യന്നൂരിൽ നിന്നെത്തിയ അഗ്നി രക്ഷ സേന തീയണച്ചത്. തീ പിടിച്ച കോട്ടക്കുന്നിന്റെ താഴ് വാരങ്ങൾ ജനവാസ കേന്ദ്രമായതിനാൽ അഗ്നിബാധ ജനങ്ങളിൽ ഭീതി പടർത്തി. നിരവധി നാട്ടുകാരും തീ കെടുത്താനുള്ള ശ്രമം നടത്തി.
ജൈവ വൈവിധ്യങ്ങളുടെ ആവാസ കേന്ദ്രമാണ് ഡൈമേറിയ പുൽമേടുകൾ. വാനമ്പാടി മുട്ടയിടുന്നത് ഈ പുൽമേടുകളിലാണ്. അപൂർവ ഇനം ഉരഗങ്ങളും ശലഭങ്ങളും പക്ഷികളും അത്യപൂർവ ജീവികളുമാണ് മാടാപ്പാറയിലെ അഗ്നിബാധയിൽ കരിഞ്ഞ് നാശമടയുന്നത്. സാമൂഹിക ദ്രോഹികൾ തീയിടുന്നതാണെന്നാണ് അനുമാനം.