പാലം നിർമാണം; മാടായി പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റി
text_fieldsമാടായി പഞ്ചായത്ത് ഓഫിസ് പൊളിച്ചുമാറ്റിയ നിലയിൽ
പഴയങ്ങാടി: മാടായി പഞ്ചായത്തിന് 1996ൽ സ്ഥാപിതമായ സ്വന്തം കെട്ടിടം പൊളിച്ചു മാറ്റി. പഴയങ്ങാടി പിലാത്തറ കെ.എസ്.ടി.പി റോഡിൽ നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം പണിയുന്നതിനാണ് 28 വർഷം പഴക്കമുള്ള പഞ്ചായത്തിന്റെ കെട്ടിടം പൊളിച്ചു മാറ്റിയത്.
64 വർഷത്തിനിടയിൽ നാലാമത്തെ ആസ്ഥാനവും ആദ്യത്തെ സ്വന്തം കെട്ടിടവുമാണ് ഇപ്പോൾ പൊളിച്ചുമാറ്റിയത്. പഴയങ്ങാടിയിൽ മാറി മാറി മൂന്നുവാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചതിനു ശേഷമാണ് 1996ൽ പൊതുമരാമത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് ഇപ്പോൾ പൊളിച്ചു മാറ്റിയ കെട്ടിടം പണി തീർത്തത്.
പൊതുമരാമത്തു വകുപ്പ് ആവശ്യപ്പെടുന്ന സമയത്ത് പൊളിച്ചു മാറ്റാമെന്ന നിബന്ധനയിലായിരുന്നു സ്വന്തമായി കെട്ടിടം പണിയുന്നതിന് അനുമതി നൽകിയത്. 82ലക്ഷം രൂപയാണ് കെട്ടിടം പൊളിച്ചു മാറ്റിയ വകയിൽ പഞ്ചായത്തിന് നഷ്ടപരിഹാരമായി ലഭിച്ചത്.
പഞ്ചായത്ത് കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടി ക്രമങ്ങൾ ആരംഭിച്ചതോടെ കഴിഞ്ഞ എട്ടു മാസമായി മാടായി ചൈനാക്ലേക്ക് സമീപത്ത് സ്വകാര്യ സ്കൂളിന്റെ വക കെട്ടിടത്തിലാണ് ഇപ്പോൾ മാടായി പഞ്ചായത്ത് കാര്യാലയം പ്രവർത്തിക്കുന്നത്.
ടൗണിൽ നിന്ന് ദൂരെ മാറി പ്രവർത്തിക്കുന്ന നിലവിലെ ഓഫിസിലെത്താൽ പഞ്ചായത്ത് നിവാസികൾ വലിയ പ്രയാസമനുഭവിക്കുന്നുണ്ട്..
മാടായി പഞ്ചായത്തിന് സ്വന്തമായി അത്യന്താധുനിക രീതിയിലുള്ള കെട്ടിടം പണിയുന്നതിന് അഞ്ചു കോടി രൂപയുടെ ഡി.പി.ആർ തയാറാക്കിയതായി മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ പറഞ്ഞു. മാടായിപ്പാറയിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള 50 സെന്റ് സ്ഥലത്താണ് സ്വന്തമായി കെട്ടിടം പണിയാൻ പദ്ധതിയിട്ടിരിക്കുന്നത്.
എന്നാൽ, സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിനെതിരിൽ ദേവസ്വം ബോർഡ് സിവിൽ കോടതിയിൽ തടസ്സവാദമുന്നയിച്ചതിനെ തുടർന്ന് നിർമാണം തുടങ്ങാനായില്ല. കേസിൽ പഞ്ചായത്തിനനുകൂലമായി തീർപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭരണ സമിതി.
മാടായി പഞ്ചായത്ത് ഓഫിസ് പൊളിച്ചു മാറ്റിയതോടെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പുതിയ പാലത്തിന്റെ ജോലി അതിവേഗം പുരോഗമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാലം നിർമാണം ഇഴഞ്ഞുനീങ്ങുന്നതിന് കാരണമായി പറഞ്ഞിരുന്നത് പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നതിലെ കാലതാമസമായിരുന്നു.