ബി.എസ്. മുഹമ്മദ് ശിഹാബുദ്ദീൻ, 56 വയസ്സ്, കന്നി വോട്ടർ
text_fields56ാം വയസ്സിൽ കന്നി വോട്ട് കാത്തിരിക്കുന്ന ബി.എസ്. മുഹമ്മദ് ശിഹാബുദ്ദീൻ
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ വാർഡ് 19ൽ പുതിയങ്ങാടി വെസ്റ്റ് എൽ.പി സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ 56കാരൻ ഇത്തവണ കന്നിവോട്ട് ചെയ്യും.
ക്രമനമ്പർ 15, അഹമ്മദ് മകൻ ബി.എസ്. മുഹമ്മദ് ശിഹാബുദ്ദീൻ. പ്രാരബ്ധങ്ങൾ പ്രവാസത്തിന് നിർബന്ധിതരാക്കിയ പ്രവാസികളിൽ പലർക്കുമുള്ള നിയോഗമാണിതെന്നും രണ്ടോ നാലോ വർഷം കൂടുമ്പോൾ നാട്ടിലെത്തുന്നവർക്ക് ബാലറ്റും വോട്ടും ബുത്തുകളുമൊക്കെ കേട്ടറിവാണെന്നും ശിഹാബുദ്ദീൻ പറയുന്നു.
പ്രവാസം മതിയാക്കി നാട്ടിലെത്തി പുതിയങ്ങാടി മൊട്ടാമ്പ്രത്തെ ഓട്ടോ ഡ്രൈവറാണ് ഇപ്പോൾ. വ്യാഴാഴ്ച ജീവിതത്തിലാദ്യമായി കൈവിരലിൽ വോട്ട് ചെയ്ത മഷി പുരളുന്ന നിമിഷം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹം.
1969ൽ ജനിച്ച ശിഹാബുദ്ദീൻ ചെറുപ്രായത്തിൽ തന്നെ ഹൗസ് ഡ്രൈവർ വിസയിൽ യു.എ.ഇയിലെത്തി. തുടർന്ന് ട്രക്ക് ഡ്രൈവറായി. അബൂദബി ട്രാൻസ്പോർട്ട് വകുപ്പിന്റെ ബസ് ഡ്രൈവറായും പ്രവർത്തിച്ചു. വോട്ടറാവണമെന്ന മോഹം മാത്രം സഫലമായില്ല. ഭാര്യ ബീവി നിരവധി തവണ വോട്ട് ചെയ്തെങ്കിലും ഇടക്ക് താമസം
മാറിയതിനാൽ 2025ലെ എസ്.ഐ.ആർ പട്ടികക്ക് പുറത്താണ്. പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടായാൽ മാത്രമാകും രാജ്യത്തെ ജനാധിപത്യ പ്രക്രിയ സാക്ഷാത്കരിക്കുകയെന്നും മുഹമ്മദ് ശിഹാബുദ്ദീൻ
പറയുന്നു.


