നാട് നടുങ്ങിയ ദുരന്തം; പൊള്ളലേറ്റവരിൽ ആരും ബാക്കിയാവാതെ...
text_fieldsപഴയങ്ങാടി: ഒഡീഷയിൽ നിന്ന് ഉപജീവനം തേടി പുതിയങ്ങാടിയിൽ മത്സ്യബന്ധനത്തിനെത്തിയ നാല് തൊഴിലാളികൾക്കും ജീവൻ നഷ്ടപ്പെട്ട ദുരന്തമായി പുതിയങ്ങാടിയിലേത്.
2011ൽ ഐസ് പ്ലാന്റിൽ നടന്ന അപകടത്തിൽ പുതിയങ്ങാടിയിൽ മരിച്ചത് മൂന്ന് അസം സ്വദേശികളാണ്. 14 വർഷത്തിന് ശേഷം താമസ മുറിയിൽ പാചക വാതകം ചോർന്നു തീ പിടിച്ച് പൊള്ളലേറ്റു മരിച്ചത് നാല് ഒഡീഷ സ്വദേശികൾ. മരിച്ച നാലു പേരുടെയും മൃതദേഹങ്ങൾ ബന്ധുക്കളെത്തി ഏറ്റു വാങ്ങി പയ്യാമ്പലത്തും ചെറുതാഴത്തും സംസ്കരിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് പുതിയങ്ങാടിയിലെ ക്വാർട്ടേഴ്സ് മുറിയിൽ പാചക വാതകം ചോർന്ന് തീ പിടിച്ച് പൊള്ളലേറ്റ ഒഡീഷ സ്വദേശികളായ സുഭാഷ് ബഹ്റ (53), നിഘം ബഹ്റ (38). ശിബ ബഹ്റ (34), ജിതേന്ദ്ര ബഹ്റ (31) എന്നിവരെ കണ്ണൂർ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രി മുറിയിൽനിന്ന് ഭക്ഷണം പാകം ചെയ്ത് കഴിച്ച കിടന്നുറങ്ങിയതായിരുന്നു ഇവർ. ഗ്യാസ് സ്റ്റൗവും സിലിണ്ടറും ഓഫാകാതെ പാചക വാതകം ചോർന്നു മുറി നിറഞ്ഞതറിയാതെ വെള്ളിയാഴ്ച രാവിലെ പുകവലിക്കാനായി ഇവരിലൊരാൾ ലൈറ്റർ ഓൺ ചെയ്തതോടെയായിരുന്നു തീ പടർന്നത്. സുഭാഷ് ബഹ്റ തിങ്കളാഴ്ച രാവിലെയും നിഘം ബഹ്റ രാത്രിയിലും ശിബ ബഹ്റ ചൊവ്വാഴ്ച രാത്രിയിലുമാണ് മരിച്ചത്.
അവശേഷിച്ച ജിതേന്ദ്ര ബഹ്റ വ്യാഴാഴ്ച രാവിലെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതോടെ പൊള്ളലേറ്റവരിൽ ആരും ബാക്കിയാവാത്ത ദുരന്തമായി പുതിയങ്ങാടിയിലേത്. മത്സ്യബന്ധന തൊഴിലുമായി ബന്ധപ്പെട്ട് നൂറുകണക്കിനു തൊഴിലാളികൾ റിവിധ സംസ്ഥാനങ്ങളിൽ നിന്ന് പുതിയങ്ങാടിയിലെത്തി തൊഴിലെടുക്കുന്നുണ്ട്.
മത്സ്യബന്ധനത്തിനിടയിൽ വള്ളം മറിഞ്ഞും മറ്റു അപകടങ്ങളിൽപെട്ടും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ നിരവധി തൊഴിലാളികൾക്ക് ഇവിടെ ജീവഹാനി സംഭവിച്ചിട്ടുണ്ട്. 2011 നവമ്പറിൽ പുതിയങ്ങാടിയിലെ ഐസ് പ്ലാന്റിൽ അമോണിയ ടാങ്ക് തകർന്ന അപകടത്തിൽ അസം സ്വദേശികളായ ബബിൻ, ദിബിൻ, രാജു ദാസ് എന്നി മൂന്നു തൊഴിലാളികൾ മരിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളുടെ താമസ മുറികളിൽ പലതും അടിസ്ഥാന സൗകര്യമില്ലാത്തവയാണ്.
ആവശ്യമായ ശുചി മുറികളോ കുറ്റമറ്റ രീതിയിലുള്ള പാചക സംവിധാനങ്ങളോ സജ്ജീകരിക്കാതെ തൊഴിലാളികൾ ഇവിടെ ചൂഷണം ചെയ്യപ്പെടുന്നു. ഇൻഷുറൻസ് പരിരക്ഷകളോ ആരോഗ്യ സുരക്ഷിതത്വമോ ലഭിക്കാതെയാണ് പലരും ജോലി ചെയ്യുന്നത്. അസം, ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് തൊഴിൽ തേടിയെത്തിയവർക്ക് തൊഴിലിനിടയിലോ അല്ലാതെയോ സംഭവിക്കുന്ന അപകടങ്ങൾക്കും ജീവഹാനിക്കും ലഭ്യമാവേണ്ട ഔദ്യോഗിക തരത്തിലുള്ള നഷ്ടപരിഹാരവും അവരുടെ കുടുംബങ്ങൾക്കും ആശ്രിതർക്കും യഥാവിധി ലഭിക്കാറില്ല.


