അന്ന് ആർക്കും വേണ്ടാത്ത രണ്ടില
text_fieldsകാതിരി ഹാജി
പഴയങ്ങാടി: 1980ലെ തെരഞ്ഞെടുപ്പിൽ ആർക്കും വേണ്ടാത്ത ചിഹ്നമായിരുന്ന രണ്ടില അടയാളത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മാടായി പഞ്ചായത്തിലെ പത്താം വാർഡിൽ മത്സരിച്ചയാളാണ് വാടിക്കൽ സ്വദേശി മൈലാഞ്ചിക്കൽ കാതിരി ഹാജി. സ്ഥാനാർഥികളുടെ പേരിനേക്കാൾ പ്രാധാന്യത്തിലാണ് തെരഞ്ഞെടുപ്പുകളിൽ ഇന്നും ചിഹ്നങ്ങളെ പരിചയപ്പെടുത്തുന്നത്.
രണ്ടില സ്വതന്ത്രർക്കായി നൽകിയ ചിഹ്നമായിരുന്നു. വാർഡുകാരനെ മത്സരിപ്പിക്കണമെന്ന് പ്രദേശത്തെ മുസ് ലിം ലീഗുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി ആവശ്യം നിരാകരിച്ച് വാർഡ് കോൺഗ്രസിന് കൈമാറിയതിനാൽ കോൺഗ്രസിന്റെ വിലക്രിയൻ ജോർജ് മത്സര രംഗത്തെത്തി. ലീഗിലെ മൈലാഞ്ചിക്കൽ കാതിരി സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകുകയായിരുന്നു. തുടർന്ന് ബായൻ മുഹമ്മദ് അഖിലേന്ത്യ ലീഗിന് വേണ്ടി തോണി ചിഹ്നത്തിൽ മത്സരത്തിനിറങ്ങി. കാതിരിക്ക്
അവശ്യപ്പെട്ട സ്വതന്ത്ര ചിഹ്നങ്ങൾ ഒന്നും ലഭ്യമല്ലാതായി. സ്വതന്ത്രരിൽ ആർക്കും വേണ്ടാതായ രണ്ടില ഒടുവിൽ ചിഹ്നമായി സ്വീകരിച്ച് മത്സരിച്ച കഥ കാതിരി ഹാജി ഓർത്തെടുക്കുന്നു. രണ്ടിലയിൽ 128 വോട്ടുകൾ കാതിരി ഹാജി നേടി. അഖിലേന്ത്യ ലീഗിലെ സ്ഥാനാർഥിയെക്കാൾ 128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് വാർഡ് സ്വന്തമാക്കിയത്. രണ്ടില നേടിയ 128 വോട്ടാണ് അഖിലേന്ത്യ ലീഗ് സ്ഥാനാർഥിക്ക് അന്ന് വിനയായത്.


