മാടായി ഉപതെരഞ്ഞെടുപ്പ്; സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി
text_fieldsപഴയങ്ങാടി: മാടായി പഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായി സി.പി.ഐ. മാടായി ബ്രാഞ്ച് സെക്രട്ടറി എൻ. പ്രസന്ന നാമ നിർദേശ പത്രിക സമർപ്പിച്ചു. നേരത്തേ സി.പി.എമ്മിലായിരുന്ന ഇവർ മാടായി പഞ്ചായത്തിൽ 2010 -15 ഭരണ സമിതിയിൽ സി.പി.എമ്മിന്റെ വാർഡംഗം കൂടിയായിരുന്നു. നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് യു.ഡി.എഫിന്റെ നേതാക്കൾക്കൊപ്പം പ്രസന്ന മാടായി പഞ്ചായത്ത് സെക്രട്ടറി പി.കെ. പ്രേമന് മുമ്പിൽ നാമ നിർദേശ പത്രിക സമർപ്പിച്ചത്.
എൽ.ഡി.എഫ്. ധാരണക്കും പാർട്ടി തീരുമാനത്തിനും വിരുദ്ധമായി, യു.ഡി.എഫ് സ്വാതന്ത്രയായി മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ പ്രസന്നയെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ചതായി സി.പി.ഐ മാടായി ലോക്കൽ സെക്രട്ടറി വിവേക് വാടിക്കൽ അറിയിച്ചു. നിലവിലെ ആറാം വാർഡ് അംഗം ടി. പുഷ്പ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഡിസംബർ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മണി പവിത്രൻ നേരത്തേ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എൻ.ഡി.എ സ്ഥാനാർഥിയായി കെ.വി. വിന്ധ്യയും വെള്ളിയാഴ്ച നാമ നിർദേശ പത്രിക നൽകി.