ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറെ മർദിച്ചയാൾ റിമാൻഡിൽ
text_fieldsകെ. ഷബീർ
പഴയങ്ങാടി: മാട്ടൂലിൽ യാത്രക്കാരുമായി പോവുകയായിരുന്ന ബസിലെ ഡ്രൈവറെ മർദിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടൂൽ സെൻട്രലിലെ കെ. ഷബീറിനെയാണ് (40) പഴയങ്ങാടി എസ്.ഐ കെ. സുഹൈൽ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഓടിക്കൊണ്ടിരിക്കുന്ന ബസിലെ ഡ്രൈവറെ കൈയേറ്റം ചെയ്ത് യാത്രക്കാർക്കും ഡ്രൈവർക്കും മരണം സംഭവിക്കാമായിരുന്ന വിധത്തിൽ അക്രമം നടത്തിയെന്നതിനാണ് ഇയാൾക്കെതിരെ കേസ് ചാർജ് ചെയ്തത്.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പഴയങ്ങാടിയിൽ നിന്നും മാട്ടൂലിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബ്രീസ് ബസിലെ ഡ്രൈവർ ഏഴോം സ്വദേശി എ. മുഫസ്സിറിനെയാണ് (28) മറ്റൊരു ബസിന്റെ ഉടമയായ ഷബീർ മാട്ടൂൽ പഞ്ചായത്ത് ഓഫിസിനടുത്തുനിന്ന് ബസിൽ കയറി മർദിച്ചത്.
ഡ്രൈവർക്ക് മർദനമേറ്റതോടെ ബസ് നിയന്ത്രണം തെറ്റി വീട് മതിലിനും വൈദ്യുത പോസ്റ്റിനുമിടിച്ച് നിൽക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റ് പൊട്ടി വീഴാത്തതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ മുഫസ്സിർ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.