തുലാമഴ; ഏക്കർകണക്കിന് നെൽകൃഷി വെള്ളത്തിൽ
text_fieldsകൊയ്ത്തിനു പാകമായ നെല്ല് വെള്ളത്തിൽ. ഏഴോം പഞ്ചായത്തിലെ അകത്തേകൈ കൈപ്പാടിൽ നിന്നുള്ള ദൃശ്യം
പഴയങ്ങാടി: തിമിർത്തു പെയ്യുന്ന തുലാമഴയിൽ കണ്ണൂരിന്റെ നെല്ലറയായ ഏഴോം കൈപ്പാടിലെയും കരനെൽകൃഷി പാടങ്ങളിലെയും ഏക്കർ കണക്കിനു നെൽകൃഷി വെള്ളത്തിലായി. കഴിഞ്ഞയാഴ്ച കൊയ്ത്താരംഭിച്ചതോടെയാണ് മഴ ശക്തമായത്.
കൈപ്പാടിൽ വെള്ളം കയറിയതിനാൽ തോണിയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ നെല്ല് കൊയ്ത് കരക്കെത്തിച്ചത്. എന്നാൽ, വ്യഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും മഴ കൂടുതൽ തിമർത്തതിനാൽ വെള്ളിയാഴ്ച കൈപ്പാടിലും പാടങ്ങളിലും കൊയ്ത്തു നടന്നില്ല. നല്ല വെയിൽ കിട്ടിയാൽ മാത്രമേ കൊയ്തെടുത്ത നെല്ലുകൾ മെതിക്കാൻ കഴിയുകയുള്ളൂ.
യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയുള്ള കൊയ്ത്തു കൈപ്പാടുകളിൽ ഉപയോഗ പ്രദമല്ലെന്നതും പ്രശ്നം സങ്കീർണമാക്കുന്നു. കരനെൽകൃഷിയും കൈപ്പാട് കൃഷിയുമായി 300 ഏക്കറയോളം നെൽകൃഷി നടത്തുന്ന പഞ്ചായത്താണ് ഏഴോം.
കാലവർഷം നീണ്ടു നിന്നതും മഴയിലെ വ്യതിയാനങ്ങളും കാരണം കൈപ്പാട് മേഖലയിൽ പലയിടത്തും കൃഷി ചെയ്യുന്നതിന് തടസ്സമായെങ്കിലും കൃഷിയിറക്കിയ മേഖലകളിൽ മികച്ച ഉൽപാദനം ഈ വർഷമുണ്ടായത് കർഷകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. ഇതിനിടയിലാണ് പതിവിന് വിപരീതമായി കനത്ത മഴയെത്തി നെൽ കൊയ്ത്ത് പ്രതിസന്ധിയിലാക്കിയത്.
ഇതര നെൽവിത്തുകളെ അപേക്ഷിച്ച് വെള്ളത്തിൽ വീണാലും നെൽമണികൾ കൂടുതൽ ഉതിർന്നു പോകാത്ത രീതിയിൽ വികസിപ്പിച്ചെടുത്ത ഏഴോം 1, 2, 3, 4 നെൽവിത്തുകൾ കൈപ്പാട് കൃഷിക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും വെളളത്തിൽ നെല്ല് ദിവസങ്ങളോളം വീണു കിടക്കുന്നതിൽ കർഷകർ ആശങ്കയിലാണ്.
കുതിരു വിത്തും ഇവിടെ ഉപയോഗിക്കുന്നുണ്ട്. ഉമ, ജ്യോതി, ഓർക്കഴമ, ജയ തുടങ്ങിയ വിത്തുകളാണ് കര നെൽ കൃഷിക്ക് ഉപയോഗിക്കുന്നത്.


