Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_right...

പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ്; ഈ മരണപാതയിൽ അപകടങ്ങൾ ഒഴിയുമോ?

text_fields
bookmark_border
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ്; ഈ മരണപാതയിൽ അപകടങ്ങൾ ഒഴിയുമോ?
cancel
camera_alt

ക​ണ്ടെ​യ്‌​ന​ർ ലോ​റി​യി​ടി​ച്ച് ഡി​വൈ​ഡ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ൽ

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ 28 മണിക്കൂറിനുള്ളിൽ നടന്നത് മൂന്ന് അപകടങ്ങൾ. തിങ്കളാഴ്ച പുലർച്ചെ പാചകവാതക സിലിണ്ടറുകൾ കയറ്റിപ്പോവുകയായിരുന്ന ലോറിയും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ചതാണ് ഒടുവിലത്തെ മൂന്ന് അപകടങ്ങളിൽ ആദ്യത്തേത്. തിങ്കളാഴ്ച രാവിലെ 5.30ഓടെ അടുത്തില ഇറക്കത്തിൽ നടന്ന ഈ അപകടത്തിൽ ഹൈഡ്രോളിക് സ്പൈഡർ ഉപയോഗിച്ച് കാബിൻ തകർത്താണ് ഹരിയാന സ്വദേശിയായ ഡ്രൈവർ അക്രമിനെ (30) പുറത്തെടുത്തത്.

ഭാഗ്യംകൊണ്ട് ഇയാൾ സാരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 22 മണിക്കൂർ തികയുന്നതിനു മുമ്പ് അതേ സ്ഥലത്തുതന്നെ കുന്താപുരത്തേക്ക് ഇളമ്പക്ക കയറ്റിപ്പോവുകയായിരുന്ന പിക്അപ് വാൻ വീട്ടുമതിലിനിടിച്ച് തകർന്നു. മൂന്നു മണിക്കൂറിനകം ഇതേ കെ.എസ്.ടി.പി റോഡിൽ ഒരു കി.മീ ദൂരത്തിൽ എരിപുരം ട്രാഫിക് സർക്കിളിൽ കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് സർക്കിളിലെ ഡിവൈഡർ തകർത്ത് മറ്റൊരപകടം. നാല് ഭാഗത്തുനിന്ന് വാഹനങ്ങൾ കടന്നെത്തുന്ന തിരക്കേറിയ ഈ മേഖലയിൽ അപകടം പുലർകാലത്തായതിനാൽ ആളും വാഹനങ്ങളുമില്ലാത്തതിനാലാണ് വലിയ ദുരന്തം വഴിമാറിയത്.

കഴിഞ്ഞ മാസം 23ന് പുലർച്ചെ ഇതേ സ്ഥലത്താണ് കണ്ണൂരിലേക്ക് ടൈൽസ് കയറ്റിപ്പോവുകയായിരുന്ന കണ്ടെയ്നർ ലോറിയിടിച്ച് ഒരു കെട്ടിടം പൂർണമായും തകർന്നത്. 2021ലും സമാനമായ അപകടം ഇതേ സ്ഥലത്തുതന്നെ. അന്നും തകർന്നിരുന്നു ഒരു കെട്ടിടം. തിരുപ്പൂർ സ്വദേശിയായ, അപകടത്തിൽപെട്ട ലോറി ഡ്രൈവർ അന്ന് മരിച്ചത് കെട്ടിടാവശിഷ്‌ടങ്ങൾ ശരീരത്തിൽ പതിച്ചാണ്. ഇതേ റോഡിൽ ചൊവ്വാഴ്ച അപകടങ്ങൾ നടന്നതിന് ഒരു കി.മീറ്റർ അകലെ ചുമടുതാങ്ങിയിൽനിന്നാണ് വ്യാഴാഴ്ച ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്ന മാതാവ് ലുബ്നയോടൊപ്പമുണ്ടായിരുന്ന രണ്ടു വയസ്സുകാരൻ മുഹമ്മദ് ഹൈസാം മിനിലോറിയിടിച്ച് മരിച്ചത്. സംഭവത്തിൽ മാതാവ് ചികിത്സയിൽ തുടരുകയാണ്.

21 കി. മീ ദൈർഘ്യമുള്ള 2018 നവംബറിൽ ഉദ്ഘാടനം ചെയ്ത പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് ഇതിനകം 104 മനുഷ്യ ജീവനുകൾ പൊലിഞ്ഞുതീർന്ന മരണപാതയാണ്. അപകടങ്ങൾ സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത് ഈ റോഡിലെ വെളിച്ചമില്ലായ്മയാണ്. അമിതവേഗവും ദിശാസൂചക ബോർഡുകളില്ലാത്തതും ഡ്രൈവർമാരുടെ മയക്കവും മദ്യപാനവും അപകടങ്ങളുടെ കാരണങ്ങളാണ്. എരിപുരം സർക്കിളിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്താത്തതിനാൽ അപരിചിതരായ ഡ്രൈവർമാർ ഏത് ഭാഗത്തേക്ക് തിരിയണമെന്നറിയാതെ വാഹനമോടിക്കുന്നതാണ് അപകടങ്ങളുടെ മറ്റൊരു കാരണം. അമിതവേഗം നിമിത്തമുള്ള അപകടങ്ങൾ തടയാനായി സ്ഥാപിച്ച കാമറകൾ പ്രവർത്തനരഹിതമാണ്.

പഴയങ്ങാടി മുതൽ എരിപുരം വരെ പാത കൈയേറി നടത്തുന്ന വാഹന പാർക്കിങ്ങും ചില മേഖലകളിലെ തെരുവ് കച്ചവടവും അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. റോഡ് നവീകരണത്തോടെ ഇല്ലാതായ സീബ്ര ലൈനുകൾ അധികൃതർക്ക് പിന്നീട് വരക്കാനായിട്ടില്ല. അശാസ്‌ത്രീയ റോഡ് നിർമാണമാണ് അപകടത്തിന്റെ പ്രധാന കാരണമെന്നത് തെളിയിക്കുന്നതാണ് ഒരേ സ്ഥലങ്ങളിൽ അപകടങ്ങൾ ആവർത്തിക്കപ്പെടുന്നുവെന്നത്. അടുത്തില ഇറക്കത്തിലും എരിപുരം ട്രാഫിക് സർക്കിളിലും അപകടങ്ങൾ ആവർത്തിക്കപ്പെടുന്നത് ഇത് സാക്ഷ്യപ്പെടുത്തുന്നു.

Show Full Article
TAGS:kstp road Road construction Road Accident 
News Summary - പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ്; ഈ മരണപാതയിൽ അപകടങ്ങൾ ഒഴിയുമോ?
Next Story