പഴയങ്ങാടി, താവം പാലങ്ങളിൽ കുഴികൾ: യാത്ര ദുഷ്കരം
text_fieldsപഴയങ്ങാടി മേൽപാലത്തിലെ കുഴികൾ
പഴയങ്ങാടി: പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ പഴയങ്ങാടി പാലത്തിലും താവം റെയിൽവേ മേൽപാലത്തിലും കുഴികൾ നിറഞ്ഞ് വാഹനയാത്രയും കാൽനട യാത്രയും ദൃഷ്കരമായി. താവം റെയിൽവേ മേൽപാലത്തിൽ കുഴികൾ നിറഞ്ഞ് വാഹനങ്ങൾ അപകടത്തിലാവുന്നതായി വ്യാപക പരാതിയുയർന്ന സഹചര്യത്തിൽ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയതോടെ ഒരാഴ്ച മുമ്പാണ് റോഡുകളിലെ കുഴി അടച്ചത്.
കുഴി അടക്കുന്നുവെന്ന പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്ന പൊടിക്കൈകളാണ് നടക്കുന്നതെന്ന ആക്ഷേപം ഉയർന്നിരുന്നു. കുഴി അടച്ച് ഒരാഴ്ച തികയുന്നതിനു മുമ്പ് പഴയ കുഴികൾ പലതും പുറത്ത് വരികയും നിരവധി പുതിയ കുഴികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
രണ്ടു പാലങ്ങളിലായി 35 ലേറെ കുഴികളുണ്ട്. മഴ പെയ്താൽ ആഴത്തിലുള്ള കുഴികളിൽ വെള്ളം നിറഞ് കുഴി തിരിച്ചറിയാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്. പഴയങ്ങാടി പാലത്തിന്റെവശത്തുള്ള കുഴിയിൽ വീണ് കാറിന്റെ ടയർ പൊട്ടിയ അനുഭവവും ഉണ്ടായിരുന്നു. ഈ മേഖലയിൽ ഒറ്റ വിളക്കും കത്താത്തതിനാൽ കാൽ നടയാത്രക്കാരും കുഴിയിൽ വീഴുകയാണ്. ദേശീയ പാതയിലൂടെ കടന്ന് പോകുന്ന വാഹനങ്ങളേക്കാൾ വാഹനങ്ങൾ കടന്നു പോകുന്ന ഈ പാതയിലെ റോഡ് അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ പ്രതിഷേധം വ്യാപകമാണ്.