മത്സ്യത്തൊഴിലാളികൾക്ക് അപകട ഭീഷണിയായി മണൽത്തിട്ടകൾ
text_fieldsചൂട്ടാട് അഴിമുഖത്ത് കടലിൽ രൂപപ്പെട്ട മണൽത്തിട്ട
പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് കടലിൽ രൂപപ്പെട്ട മണൽത്തിട്ടയുയർത്തുന്ന അപകട ഭീഷണിയിലാണ് മത്സ്യത്തൊഴിലാളികൾ. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ടു മത്സ്യബന്ധന ഫൈബർ വള്ളങ്ങളാണ് കടലിൽ മറിഞ്ഞത്. ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ബുധനാഴ്ച രാവിലെ 10 ഓടെ പാലക്കോട് അഴിമുഖത്ത് വലിയ ഫൈബർ വള്ളം മറിഞ്ഞ അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. സമാനമായ അപകടങ്ങൾ ഓരോ വർഷവും അഴിമുഖത്ത് ആവർത്തിക്കുകയാണ്. ചൂട്ടാട് അഴിമുഖത്ത് വള്ളം മറിഞ്ഞ അപകടത്തിൽ ജീവഹാനി സംഭവിച്ച മത്സ്യത്തൊഴിലാളികളുമുണ്ട്.
ട്രോളിങ് നിരോധനത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ വറുതിയിലാണ്. ഈ സാഹചര്യത്തിൽ ട്രോളിങ് നിരോധന പരിധിയിൽ പെടാത്ത മേഖലയിൽ കരയിൽ നിന്ന് ഹൃസ്വ ദൂരത്തിൽ സഞ്ചരിച്ചാണ് ഫൈബർ വള്ളങ്ങളിൽ തൊഴിലാളികൾ മത്സ്യബന്ധനത്തിനെത്തുന്നത്. അഴിമുഖത്ത് മണൽത്തിട്ട രൂപം പ്രാപിച്ചതോടെ മത്സ്യ വള്ളങ്ങൾ കരക്കടുപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് പ്രശ്നമാകുന്നത്. വേലിയേറ്റ സമയത്ത് ഏറെ പ്രയാസപ്പെട്ടാണ് വളളങ്ങൾ കരക്കടുപ്പിക്കാനാവുന്നത്.
കരക്കടുക്കാൻ ശ്രമിക്കുന്ന വള്ളങ്ങൾ വെള്ളത്തിനടിയിൽ ഉയർന്നു നിൽക്കുന്ന മണൽതിട്ടകൾക്കിടിച്ചാണ് കടലിലേക്ക് മറിയുന്നത്. വേലിയിറക്ക സമയം വള്ളങ്ങൾ കരക്കടുപ്പിക്കുന്നത് തീർത്തും അസാധ്യമാണ്. പാലക്കോട് ഭാഗത്ത് പുലിമുട്ട് നിർമാണം ആരംഭിച്ചതോടെയാണ് അഴിമുഖത്ത് വലിയ മണൽ തിട്ടകൾ രൂപപ്പെട്ടു തുടങ്ങിയത്.
നേരത്തേ നിശ്ചയിച്ച നിർമാണത്തിന്റെ ഘടനയിൽ വരുത്തിയ മാറ്റമാണ് മണൽത്തിട്ടക്ക് കാരണമായതെന്ന് പറയപ്പെടുന്നു. അഴിമുഖത്തെ മണൽത്തിട്ട നീക്കം ചെയ്ത് മത്സ്യത്തൊഴിലാളികൾക്ക് വള്ളം കരക്കടുക്കുന്നതിനു സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ബന്ധപ്പെട്ടവർ നിസ്സംഗത തുടരുകയാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.