മാട്ടൂലിൽ കടൽഭിത്തി നിർമാണം പൂർത്തിയായില്ല
text_fieldsമാട്ടൂൽ പഞ്ചായത്തിലെ 19ാം വാർഡിൽ കടൽഭിത്തിയില്ലാത്ത തീരദേശ മേഖല
പഴയങ്ങാടി: 16 കോടി ചെലവഴിച്ച് മാടായി പഞ്ചായത്തിലെ നീരൊഴുക്കും ചാൽ മുതൽ മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ സൗത്ത് വരെയുള്ള കടൽ ഭിത്തി നിർമാണം പൂർത്തിയായില്ല. കരാറുകാരന് സമയം നീട്ടി നൽകിയതനുസരിച്ച് അടുത്തമാസം അവസാനത്തോടെ നിർമാണം പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ, ഇഴഞ്ഞു നീങ്ങുന്ന നിർമാണപ്രവൃത്തി സമയ പരിധിക്കുള്ളിൽ പൂർത്തീകരിക്കാനാവില്ലെന്ന അവസ്ഥയിലാണ്.
സൂനാമി ബാധിത പ്രദേശമായ മേഖലയിൽ ഒരു മാസമായി നിർമാണം നിലച്ചിട്ടുണ്ട്. മാട്ടൂൽ പഞ്ചായത്തിലെ വാർഡ് 19ൽ വാവു വളപ്പ് കടപ്പുറം, മാട്ടൂൽ സെൻട്രൽ, മാട്ടൂൽ സൗത്ത് എന്നിവിടങ്ങളിലായി യഥാക്രമം 400, 365, 297 മീറ്റർ മേഖലകളിൽ ഭിത്തി നിർമാണം ബാക്കിയാണ്.മാട്ടൂൽ സെൻട്രൽ, സൗത്ത് ഭാഗങ്ങളിൽ ഭിത്തിക്കാവശ്യമായ കരിങ്കല്ലുകൾ എത്തിച്ചില്ല. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പരാതിയിലകപ്പെട്ട കരാറുകാരന് പല സമയങ്ങളിലായി സമയ പരിധി നീട്ടി നൽകിയത് വകുപ്പിലെ ഉന്നതരുടെ വഴിവിട്ട ബന്ധമാണെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്.


