മാടായിപ്പാറയിൽ സ്റ്റേഡിയം നിർമാണം തുടങ്ങി
text_fieldsമാടായിപ്പാറയിലെ പാളയം ഗ്രൗണ്ടിൽ സ്റ്റേഡിയം നിർമാണം ആരംഭിച്ചപ്പോൾ
പഴയങ്ങാടി: മാടായിപ്പാറയിൽ മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ കളിസ്ഥലമായ പാളയം ഗ്രൗണ്ടിൽ ആധുനിക സ്‌റ്റേഡിയം നിർമാണം ആരംഭിച്ചു. സ്റ്റേഡിയം നിർമാണം ആരംഭിച്ചതോടെ പ്രവൃത്തിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ചിറക്കൽ കോവിലകം ദേവസ്വം ജില്ല ഭരണകൂടത്തിന് പരാതി നൽകി. കഴിഞ്ഞ ആഗസ്റ്റിൽ മന്ത്രി വി. അബ്ദുറഹിമാനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാലയത്തിന്റെ കളിസ്ഥലത്ത് സ്റ്റേഡിയം നിർമിക്കുന്നതിനു സർക്കാർ 1.5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
അതേ സമയം സ്റ്റേഡിയം നിർമിക്കുന്നത് ചിറക്കൽ കോവിലകത്തിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലൊന്നായ മാടായിക്കാവ് ദേവസ്വത്തിന്റെ ക്ഷേത്ര ഭൂമിയിലാണെന്നാണ് ദേവസ്വത്തിന്റെ വാദം. മാടായി അംശം ദേശം ആർ എസ്. 30 / 2 എ സ്ഥലമാണിതെന്നും മാടായി ഗവ. ബോയ്സ് ഹൈസ്കൂൾ ഇത് കളിസ്ഥലമായി ഉപയോഗിക്കുകയാണെന്നും സ്റ്റേഡിയം നിർമാണത്തോടെ ദേവസ്വത്തിന്റെ ഭൂമി നഷ്ടപ്പെടുകയാണെന്നും ഭൂമി സംരക്ഷിക്കാൻ നടപടി വേണമെന്നുമാണ് ദേവസ്വം ജില്ല ഭരണകൂടത്തോട് ആവശ്യമുന്നയിച്ചത്.
മാടായിപ്പാറയിൽ മാടായി പഞ്ചായത്ത് അധീനതയിലുള്ള രണ്ട് ഏക്കർ 30 സെന്റ് സ്ഥലത്ത് പഞ്ചായത്ത് ഓഫിസിനു കെട്ടിടം നിർമിക്കുന്നതിനെതിരിലും ദേവസ്വം തടസ്സവാദമുന്നയിച്ച് നൽകിയ കേസിനെ തുടർന്ന് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തീർപ്പാകുന്നത് വരെ തലശ്ശേരി ജില്ല കോടതി നിർമാണ പ്രവൃത്തികൾ താൽക്കാലികമായി തടഞ്ഞിരുന്നു. സ്ഥലത്ത് പഞ്ചായത്ത് നിർമിക്കാനുദ്ദേശിച്ച വയോജന വിശ്രമം കേന്ദ്രം പാതി വഴിയിലായി. ദേവസ്വം നേടിയ സ്‌റ്റേയെ തുടർന്ന് ഇവിടെ പഞ്ചായത്ത് നിർമിച്ച ഷീ ടോയ്‍ലറ്റ് ഉപയോഗരഹിതമാവുകയായിരുന്നു.


