അശാസ്ത്രീയ മാലിന്യ സംസ്കരണം: 35,000 രൂപ പിഴയിട്ടു
text_fieldsപഴയങ്ങാടി പുഴയോരത്ത് മാലിന്യം കുട്ടിയിട്ട നിലയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്
കണ്ടെത്തിയപ്പോൾ
പഴയങ്ങാടി: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാടായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം കണ്ടെത്തിയതിനെ തുടർന്ന് 35000 രൂപ പിഴ ചുമത്തി. പഴയങ്ങാടിയിലെ ഡെൽറ്റ കെയർ ഡെന്റൽ ലാബ് എന്ന സ്ഥാപനത്തിന് 15000 രൂപ, നീതി ഇലക്ടിക്കൽസ് ആൻഡ് പ്ലമ്പിങ്, പബാബ് നാഷനൽ ബാങ്ക് എന്നിവക്ക് 10,000 രൂപ വീതം എന്നിങ്ങനെയാണ് 35000 രൂപ പിഴ ചുമത്തിയത്. ഡെൽറ്റ കെയർ ഡെന്റൽ ലാബിൽ നിന്നുള്ള മലിന ജലം പുഴയോട് ചേർന്ന പ്രദേശത്തേക്ക് ഒഴുക്കി വിട്ടതിനും ലാബിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും പുഴയോട് ചേർന്ന സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനുമാണ് സ്ക്വാഡ് 15000 രൂപ പിഴ ചുമത്തിയത്.
പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നുള്ള കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയുടെ സമീപത്തു കൂട്ടിയിട്ടതിനും കത്തിച്ചതിനുമാണ് 10000 രൂപ പിഴ ചുമത്തിയത്. നീതി ഇലക്ട്രിക്കൽസ് ആൻഡ് പ്ലബിങ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ഹാർഡ് ബോർഡ് പെട്ടികളും തെർമോക്കോളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയുടെ സമീപത്ത് കൂട്ടിയിട്ട് കത്തിച്ചതിനും പ്ലാസ്റ്റിക് ചാക്കുകളും ഉപയോഗ ശൂന്യമായ ക്ലോസറ്റ്, പ്ലാസ്റ്റിക് കവറുകൾ മുതലായവ കൂട്ടിയിട്ടതിനുമാണ് സ്ക്വാഡ് 10000 രൂപ പിഴയിട്ടത്. മൂന്ന് സ്ഥാപന അധികൃതരോടും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കാൻ സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.