ആറളം ഫാമിൽനിന്ന് വീണ്ടും നാടന്‍തോക്ക് കണ്ടെത്തി
text_fieldsആറളം ഫാമിൽ നിന്ന് കണ്ടെത്തിയ തോക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
പേരാവൂർ: ആറളം ഫാമില്‍ നിന്നും നാടന്‍ തിരതോക്ക് കണ്ടെത്തി. ആറളം ഫാം ഒന്നാം ബ്ലോക്കില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. ബ്ലോക്ക് ഒന്നിനും അഞ്ചിനും സമീപത്തായുള്ള മരത്തിന്റെ ചുവട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു തോക്ക്.
തൊഴിലാളികളാണ് തോക്ക് ആദ്യം കണ്ടത്. തുടർന്ന് ഫാം എം.ഡിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. തോക്ക് കസ്റ്റഡിയിലെടുത്തു. നായാട്ടുമായി ബന്ധപ്പെട്ട ആളുകൾ ഒളിപ്പിച്ച് വെച്ചതാണ് എന്ന നിഗമനത്തിലാണ് പൊലീസ്. ആറളം ഫാം മേഖലയിൽ നായാട്ട് സജീവമാണെന്ന ആക്ഷേപം നിലനിൽക്കെ ആറളം ഫാമിൽ നിന്നും കണ്ടെത്തുന്ന മൂന്നാമത്തെ നാടൻ തോക്കാണിത്.
ആന ചവിട്ടി ഓടിച്ച നിലയിലും, ബാരൽ വളഞ്ഞ നിലയിലുമായിരുന്നു രണ്ടു തോക്കുകൾ മുമ്പ് കണ്ടെത്തിയത്. തോക്ക് കണ്ടെത്തിയ സംഭവത്തിൽ ആറളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.