ജനവാസകേന്ദ്രത്തിൽ ഭീതി പരത്തി വീണ്ടും കാട്ടുപോത്തുകൾ
text_fieldsപെരുവ റോഡിൽ നിലയുറപ്പിച്ച കാട്ടുപോത്തിൻ കൂട്ടം
പേരാവൂർ: കോളയാട് വനമേഖലയിലെ ജനവാസ കേന്ദ്രത്തിൽ പതിവായി കാട്ടുപോത്തുകൾ (കാട്ടി) ഇറങ്ങുന്നത് ആശങ്കയാകുന്നു. ചങ്ങല ഗേറ്റ് പെരുവ റോഡിൽ നിലയുറപ്പിച്ച കാട്ടുപോത്തിൻ കൂട്ടം മണിക്കുറോളം യാത്രക്കാരെ മുൾമുനയിൽ നിർത്തി. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ കാട്ടുപോത്ത് ശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസമാണ് പന്ന്യോട് ജനവാസ മേഖലയിൽ കാട്ടുപോത്ത് ഗർഭിണികളായ പശുക്കളെ കൊന്നത്.
രണ്ടു വർഷം മുൻപ് പ്രഭാത സവാരിക്കിറങ്ങിയ കോളയാട് കറ്റ്യാട് സ്വദേശി പുത്തലത്ത് ഗോവിന്ദൻ (98) കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പരുക്കേറ്റവരും ഒട്ടേറെയാണ്. രാത്രി വൈകും വരെ കാവലിരുന്നാണ് ഇവിടുള്ളവർ കൃഷിയിടം സംരക്ഷിക്കുന്നത്.
കോളയാട് ചങ്ങല ഗേറ്റ് മുതൽ പെരുവ വരെയുള്ള ആറു കിലോമീറ്ററോളം റോഡിൽ ദിനേന കാട്ടുപോത്തുകൾ എത്തുന്നുണ്ട്. പെരുവ ഭാഗത്തേക്ക് എപ്പോഴും ബസില്ലാത്തതിനാൽ വനത്തിലൂടെ നടന്നുപോകുന്നവരും ഇരുചക്ര വാഹന യാത്രക്കാരും ഭീതിയിലാണ്. റോഡിന്റെ ഇരുവശത്തെയും അടിക്കാടുകൾ അടിയന്തരമയി വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വീടുകൾക്ക് സമീപത്തും കാട്ടുപോത്തിൻ കൂട്ടമെത്തുന്നുണ്ട്. ഇവയെ തുരത്താനുള്ള ഒരു സംവിധാനവും ഇവിടെയില്ല.