അനധികൃത ചെങ്കൽ ക്വാറികൾ വ്യാപകമാകുന്നതായി പരാതി
text_fieldsപേരാവൂർ: കേളകം, കണിച്ചാർ, മഞ്ഞളാംപുറം മേഖലകളിൽ അനധികൃത ക്വാറികൾ വ്യാപകമാകുന്നതായി പരാതി. പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറികളിൽ ഒന്നിനു പോലും ലൈസൻസ് ലഭിച്ചിട്ടില്ലെന്നും അനധികൃത ക്വാറികൾ പരിസ്ഥിതി മലിനീകരണം വർധിപ്പിക്കുന്നതായും നാട്ടുകാർ പറയുന്നു.
നിരന്തരമായ ഖനനം മൂലം പ്രദേശത്തെ ജനങ്ങളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. അനധികൃത ചെങ്കൽ ക്വാറികൾക്കെതിരെ വില്ലേജ് ഓഫിസർക്കും ജിയോളജി വകുപ്പിനും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. മഞ്ഞളാംപുറത്ത് വലിയതോതിൽ ഖനനം നടത്തിയാണ് ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നത്.
ഇതിനെക്കുറിച്ച് അധികൃതർക്ക് അറിവുണ്ടെങ്കിലും ഇവർ മൗനം പാലിക്കുകയാണ്. മരങ്ങൾ നശിപ്പിച്ച് ഖനനം നടക്കുന്നതിനാൽ ചെറിയ മഴ പെയ്താൽ തന്നെ ശക്തമായ മണ്ണൊലിപ്പാണിവിടെ. ചെങ്കൽ ക്വാറികളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചളിവെള്ളം സമീപവാസികൾക്ക് ദുരിതമാകുന്നുണ്ട്. നിരവധി പരാതികൾ കൊടുത്തെങ്കിലും അധികൃതരുടെയും നാട്ടുകാരുടെയും എതിർപ്പ് അവഗണിച്ച് സ്വകാര്യ വ്യക്തികൾ ലൈസൻസ് പോലുമില്ലാതെ ഖനനം നിർബാധം തുടരുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.